ജോബി മാത്യുവിന്റെ മരണം കൊലപാതകം; പത്തനംതിട്ടയിലെ തടി വ്യാപാരി അറസ്റ്റിൽ
text_fieldsകൊടുമൺ: ഇടത്തിട്ടയിലെ വീടിനു സമീപം വെൽഡിങ് വർക്ക്ഷോപ് നടത്തിയിരുന്ന പുതുപ്പറമ്പിൽ പുത്തൻവീട്ടിൽ മത്തായിയുടെ മകൻ ജോബി മാത്യുവിന്റെ (44) ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ് പ്രതിയായ തടി വ്യാപാരിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടിൽ അബ്ദുൾ അസീസിനെയാണ് (45) കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 25ന് രാവിലെ വീടിനു സമീപം പരിക്കേറ്റ നിലയിലാണ് ജോബിയെ കണ്ടെത്തിയത്. ജോബി വാടകക്ക് എടുത്തിരുന്ന കാർ സ്ഥലത്തുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആദ്യം കരുതിയത്. ഗുരുതരമായി പരിക്കേറ്റ ജോബി മാത്യുവിനെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ നാലിന് മരിച്ചു. പരിശോധനയിൽ ജോബിയുടെ ചെവിക്ക് പിറകിൽ കണ്ടെത്തിയ മുറിവാണ് മരണത്തിൽ അസ്വാഭാവികത തോന്നിപ്പിച്ചത്. വിശദമായ പരിശോധനയിൽ ഇത് അപകടത്തിൽ സംഭവിക്കാവുന്ന തരത്തിലുള്ള മുറിവല്ലെന്ന് പിന്നീട് വ്യക്തമായി. തുടർന്ന് ബന്ധുക്കൾ കൊടുമൺ പൊലീസിൽ പരാതി നൽകി. ഇരുവരുമായുള്ള വാക്ക് തർക്കത്തെ തുടർന്ന് അബ്ദുൽ അസീസ് ജോബി മാത്യുവിനെ തള്ളി വീഴ്ത്തിയതാണ് മരണകാരണമായി പറയുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മേയ് 25ന് രാത്രി 8.45ഓടെ ഇടത്തിട്ട ജങ്ഷന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന അബ്ദുൽ അസീസ് ഓടിച്ചിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിൽ ജോബി മാത്യുവിന്റെ കാർ ഇടിച്ചു. ലോറികളുടെ ഉടമയായ അസീസ് റബർ തടികളെടുത്ത് പെരുമ്പാവൂരിൽ എത്തിച്ച് കച്ചവടം ചെയ്യുന്നയാളാണ്. കച്ചവട ഭാഗമായാണ് ഇയാൾ ഇടത്തിട്ട ജങ്ഷനിൽ എത്തിയത്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ മറ്റൊരു കാറിലെ യാത്രക്കാരൻ ജോബിയുമായി തർക്കിക്കുന്നതും പിടിച്ചുതള്ളുന്നതും കാണാൻ കഴിഞ്ഞു. എന്നാൽ, ദൃശ്യങ്ങളിലെ അവ്യക്തത മൂലം കാർ കണ്ടെത്താൻ ബുദ്ധിമുട്ടി. 50ഓളം സി.സി ടി.വികൾ പരിശോധിച്ചതിൽ ചുവന്ന സ്വിഫ്റ്റ് കാർ ആണെന്ന് തിരിച്ചറിഞ്ഞു. ജില്ലയിലെ വർക്ക് ഷോപ്പുകൾ, കാർ ഷോറൂമുകൾ, കാർ പെയിന്റിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. ജില്ലയിലെ ചുവന്ന സ്വിഫ്റ്റ്കാറുകളുടെ പട്ടിക ആർ.ടി ഓഫിസിൽനിന്ന് ശേഖരിച്ച് 200ഓളം വാഹനങ്ങൾ പരിശോധിച്ചു. കാർ ഓടിച്ചവരുടെയും ഉടമസ്ഥരുടെയും പട്ടിക പരിശോധിച്ചതിൽ അബ്ദുൽ അസീസിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ സംഭവം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തി. വീട്ടിലെത്തി ചുവന്ന സ്വിഫിറ്റ് കാർ പരിശോധിച്ചതിൽ വാഹനത്തിന്റെ പിൻഭാഗത്ത് ജോബിയുടെ കാർ ഇടിച്ചതിന്റെ കേടുപാട് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ചു. ഇതിനിടെ ഇയാൾ വാഹനവും മൊബൈൽ ഫോണും ഉപേക്ഷിച്ച് ഒളിവിൽ പോയി. അബ്ദുൽ അസീസിന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തതോടെ ഇയാൾ പാലക്കാട്, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിച്ചുതാമസിക്കുന്നതായും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടന്നതായും വ്യക്തമായി. പത്തനംതിട്ടയിൽനിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം പെരുമ്പാവൂരിൽനിന്ന് കണ്ടെത്തി. കൊടുമൺ പൊലീസ്സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുമൺ എസ്.എച്ച്.ഒ വി.എസ്. പ്രവീൺ, എസ്.ഐ കിരൺ ശ്യാം, ഏനാത്ത് എസ്.ഐ വിജിത്, പന്തളം എസ്.ഐ ആശിഷ്, അടൂർ എസ്.ഐ പ്രശാന്ത്, ശിവപ്രസാദ്, ഷിജു, പ്രദീപ്, ശരത് എന്നിവരും ജില്ല പൊലീസ് മേധാവിയുടെ സ്ക്വാഡിലെ അംഗങ്ങളും ചേർന്നാണ് കേസ് അന്വേഷിച്ചത്. അബ്ദുൽ അസീസ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.