പൊലീസ് മർദിച്ചു കൊന്നതാണെന്ന് പിതാവ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: കുമരകത്ത് പൊലീസ് പിന്തുടർന്ന യുവാവിനെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ അന്വേഷണമടക്കം ആവശ്യപ്പെട്ട് ഹൈകോടതിയിൽ പിതാവിന്‍റെ ഹരജി. കോട്ടയം വെച്ചൂർ അച്ചിനകം സ്വദേശി ജിജോ ആൻറണിയെ (27) പൊലീസ് കൊന്നതാണെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് പിതാവ് ആൻറണി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് കെ. ഹരിപാൽ സർക്കാറിന്‍റെ വിശദീകരണം തേടി.
നവംബർ ഏഴിന് രാത്രി കുമരകം ചക്രംപടിക്ക് സമീപം വെച്ച് ജില്ല പൊലീസ് മേധാവിയുടെ ഡ്രൈവറെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പേരിൽ ജിജോയെ പൊലീസ് പിന്തുടർന്നെന്ന് ഹരജിയിൽ പറയുന്നു. തൊട്ടടുത്ത ഹോട്ടലിൽ കയറിയ ജിജോക്ക് പിന്നാലെ പൊലീസും വന്നു. പിന്നീട് ഹോട്ടലിന് പിന്നിലെ കാനയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പൊലീസിന്‍റെ അടിയേറ്റാണ് മരണമെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ, മൃതദേഹത്തിൽ കണ്ട പാടുകൾ പൊലീസ് മർദിച്ചതിനെ തുടർന്ന് ഉണ്ടായതാണ്. ഒരടി മാത്രമാണ് കാനയുടെ ആഴം. ഒരു കാരണവശാലും മുങ്ങിമരണമാണെന്ന് വിശ്വസിക്കാനാവില്ല. പൊലീസിനെ ഭയന്ന് ആരും സത്യം പറയാൻ തയാറാകുന്നില്ല. പിറ്റേ ദിവസം യുവാവിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.