കാക്ക അനീഷ് ഗുണ്ടാ ആക്ട് പ്രകാരം മൂന്നുതവണ അകത്ത്; വിവിധ സ്റ്റേഷനുകളിൽ 28 കേസുകൾ!
text_fieldsനേമം: സംഭവ ബഹുലമായ ക്രിമിനൽ പശ്ചാത്തലമാണ് കൊല്ലപ്പെട്ട ഗുണ്ട കാക്ക അനീഷിന് ഉള്ളത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് മൂന്നു തവണയാണ് ഇയാൾക്കെതിരെ ഗുണ്ടാനിയമം പ്രയോഗിച്ചത്. ഗുണ്ടാനിയമപ്രകാരം ഏറ്റവുമൊടുവിൽ ജയിൽവാസം അനുഭവിക്കുന്നത് 2020ലാണ്. കാലാവധി കഴിഞ്ഞ് 2021 ജൂലൈ 17നാണ് അനീഷ് പുറത്തിറങ്ങിയത്. തുടർന്നും ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടു വരികയായിരുന്നു.
തിരുവനന്തപുരം ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 28 ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരേ ഉള്ളത്. മാരായമുട്ടം കൊലക്കേസ് അനീഷിനെ കൂടുതൽ കുപ്രസിദ്ധനാക്കി. മാരായമുട്ടം സ്വദേശി ജോസിനെ വെട്ടിപ്പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയാണ്. ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ശനിയാഴ്ച രാത്രി 7.30ന് ഇയാൾ യുവതിയുടെ മാല കവരുന്നത്.
കുളങ്ങരക്കോണം സ്വദേശി സജിയുടെ ഭാര്യ ബിന്ദുവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറിയ അനീഷ് ഇവരെ ഭീഷണിപ്പെടുത്തി ആക്രമിച്ച ശേഷം രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച് കടക്കുകയായിരുന്നു. പ്രതി അനീഷ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമായി നടന്നു വരുന്നതിനിടെയാണ് ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തുന്നത്.
മോഷണം നടത്തി കഴിഞ്ഞാൽ രാത്രികാലങ്ങളിൽ മിക്കപ്പോഴും അനീഷ് ഈ ഹോളോബ്രിക്സ് കമ്പനിക്കുള്ളിലാണ് കഴിയുന്നത്. ഏറെനാളായി കമ്പനി അടച്ചിട്ടിരിക്കുകയാണ്. മോഷണം, കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കാൻ ഉന്നത പൊലീസ് അധികാരികൾ തീരുമാനിച്ചത്.
വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതു കൂടാതെ കൊലപാതകവും കൊലപാതക ശ്രമവും മൂലമുണ്ടായ കുടിപ്പകയാണ് അനീഷിന്‍റെ മരണത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.