കളമശ്ശേരി സ്ഫോടനം: മാർട്ടിന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്ക്
text_fieldsകൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനക്ക് അയച്ചു. കോടതി അനുമതിയോടെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്താനും നടപടി തുടങ്ങി. ബോംബ് നിർമിച്ചതും റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതുമെല്ലാം മാര്ട്ടിന് ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതെല്ലാം മാർട്ടിൻ ഒറ്റക്ക് ചെയ്തതായാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് വിശദ പരിശോധനക്ക് ഫോൺ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയത്. താൻ തന്നെയാണ് ബോംബ് ഉണ്ടാക്കിയതെന്ന മാർട്ടിന്റെ മൊഴി ശരിവെക്കുന്നതാണ് ഫോൺ കാൾ വിവരങ്ങളും ഡിജിറ്റൽ ഇടപാടുകളും എന്നാണ് സൂചന. സ്ഫോടന ദിവസം രാവിലെ മുതലും സംഭവത്തിന് ശേഷവും കൊരട്ടി സ്റ്റേഷനിൽ കീഴടങ്ങും വരെ മാർട്ടിനൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.
മാർട്ടിന്റെ ആ ദിവസത്തെ ചെയ്തികൾക്കെല്ലാമുള്ള തെളിവുകൾ അയാളുടെ പക്കൽനിന്നുതന്നെ ലഭിച്ചതും മറ്റ് പ്രതികളില്ലെന്ന നിഗമനം ബലപ്പെടുത്തുന്നു. എന്നാൽ, മാർട്ടിന്റെ നീക്കങ്ങൾ അറിഞ്ഞിരുന്ന ഒരാളുണ്ടെന്ന സംശയം പൊലീസ് പരിശോധിക്കുകയാണ്. സ്ഫോടനം നടന്നതിന്റെ തലേദിവസം വന്ന ഫോൺകാൾ മാർട്ടിന് അസ്വസ്ഥതയുണ്ടാക്കിയിരുന്നു എന്ന ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇക്കാര്യം അന്വേഷിക്കുന്നത്. അതിനാൽ മാർട്ടിന്റെ ഫോൺകാൾ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചുവരുകയാണ്.
നവംബർ 29 വരെ കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് കാക്കനാട് ജില്ല ജയിലിൽ കഴിയുന്ന മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും. സാക്ഷികളെ ജയിലിൽ എത്തിച്ചാകും തിരിച്ചറിയൽ പരേഡ് നടത്തുക. റിമോട്ടുകൾ, ബോംബ് നിർമിക്കാൻ ഉപയോഗിച്ചതിന്റെ ബാക്കി ബാറ്ററി, വയറുകൾ, മറ്റ് ചില ഉപകരണങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ കഴിഞ്ഞ ദിവസം പ്രതിയുടെ അത്താണിയിലെ ഫ്ലാറ്റിൽനിന്ന് കണ്ടെത്തിയിരുന്നു. ഇവ വാങ്ങിയ സ്ഥലങ്ങളിൽനിന്നുള്ളവരെയും സംഭവം നടന്നിടത്തെ ചിലരെയും തിരിച്ചറിയൽ പരേഡിന് എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.