പൊലിഞ്ഞത് 31 ജീവൻ, തകർന്നത് അനവധി കുടുംബങ്ങൾ
text_fieldsകൊല്ലം: ഒന്നിനുപിറകെ ഒന്നായി മരിച്ചുവീണ 31 മനുഷ്യർ, കാഴ്ച നഷ്ടപ്പെട്ട് എന്നന്നേക്കുമായി ഇരുട്ടിന്‍റെ ലോകത്തേക്ക് വീണുപോയവർ. ഛർദിയും തലപെരുപ്പും നെഞ്ചിലും വയറ്റിലും വേദനയും മങ്ങിയ കാഴ്ചയുമൊക്കെയായി എന്ത് സംഭവിക്കുമെന്നറിയാതെ ആശുപത്രികളിലേക്ക് ജീവനും കൈയിൽപിടിച്ച് പായുന്ന നൂറുകണക്കിന് പേർ... പ്രിയപ്പെട്ടവർക്ക് എന്തുപറ്റിയെന്നറിയാതെ ആർത്തലക്കുന്ന കുടുംബാംഗങ്ങൾ.. അക്ഷരാർഥത്തിൽ നാട് ഞെട്ടിത്തരിച്ച് നിന്നുപോയ ദിനങ്ങൾ. 22 വർഷം നീണ്ട കാരാഗൃഹവാസം കഴിഞ്ഞ് ചന്ദ്രദാസ് എന്ന മണിച്ചൻ ജയിൽമോചിതനാകുമ്പോൾ ഓർമകളിൽ നിറയുന്നത് രണ്ട് പതിറ്റാണ്ടിനപ്പുറം കല്ലുവാതുക്കൽ വിഷമദ്യദുരന്തം എന്ന പേരിൽ കേരളത്തിനെയാകെ പിടിച്ചുലച്ച ആ ദുർദിനങ്ങളാണ്.
ദുരിതങ്ങൾ കുടഞ്ഞെറിയാൻ കഴിയാതെ
മദ്യത്തിലൂടെ ശരീരത്തിൽ ചെന്ന മീഥെയ്ൻ ആൽക്കഹോൾ(മെഥനോൾ) എന്ന വിഷത്തിന്‍റെ ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടും ആരോഗ്യം ക്ഷയിച്ചും ജീവിതം തകർന്നും ഇരകളിൽ പലരും ഇന്നും കൊല്ലത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ജീവനോടെയുണ്ട്. ദുരന്തം വന്നുകയറിയ വീടുകളിലാകട്ടെ പിൻതലമുറകൾ പോലും ആ വിഷം ബാക്കിയാക്കിയ ജീവിതദുരിതങ്ങൾ കുടഞ്ഞെറിയാൻ ഇന്നും കിണഞ്ഞുശ്രമിക്കുകയാണ്.
2000 ഒക്ടോബർ 21, കേരളം കണ്ട ഏറ്റവും വലിയ മദ്യ ദുരന്തങ്ങളിലൊന്നിന് തുടക്കമായത് ആ ദിനത്തിലായിരുന്നു. കൊല്ലം കല്ലുവാതുക്കലിൽ നിന്ന് തുടങ്ങിയ നടുക്കം പതിയെ കൊട്ടാരക്കര താലൂക്കിലെ പള്ളിപ്പുറം, മൈലം, പട്ടാഴി എന്നിവിടങ്ങളിലേക്കും വ്യാപിച്ചതോടെ കേരളം അക്ഷരാർഥത്തിൽ തരിച്ചുനിന്നു. കല്ലുവാതുക്കലെ തന്‍റെ എ.സി ബാറിൽ വിഷമദ്യം വിളമ്പിയ ൈഖറുന്നിസയുടെ വീട്ടിലെ ജോലിക്കാരി കൗസല്യയിൽ തുടങ്ങിയ മരണസംഖ്യ സ്കൂൾ പ്രഥമാധ്യാപകൻ ഉൾപ്പെടെ 31 പേരിൽ എത്തിയാണ് നിന്നത്. നാല് പേർക്ക് കാഴ്ച നഷ്ടപ്പെടുകയും 500ഓളം പേരെ ആശുപത്രിയിലാക്കുകയും ചെയ്തു. ൈഖറുന്നിസയുടെ ഭർത്താവ് രാജന്‍റെ പേരിൽ പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത് തുടങ്ങിയ കേസ് പിന്നാലെ കേരളത്തിലെ മദ്യമാഫിയയുടെ നെഞ്ചിലേക്കാണ് പടർന്നുകയറിയത്.
'മദ്യരാജാവ്'
തിരുവനന്തപുരം റേഞ്ച് അടക്കിഭരിച്ചിരുന്ന 'മദ്യരാജാവ്' മണിച്ചനിലേക്ക് അന്വേഷണം എത്തിയതോടെ കേരളം കണ്ട ഏറ്റവും പ്രമാദമായ കേസുകളിൽ ഒന്നായി കല്ലുവാതുക്കൽ മദ്യദുരന്തം മാറി. ഐ.ജി സിബി മാത്യൂസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനെയാണ് നായനാർ സർക്കാർ ചുമതലയേൽപ്പിച്ചത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോകത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന മണിച്ചന്‍റെ സാമ്രാജ്യത്തിലേക്ക് കടന്നുകയറാൻ അന്വേഷണസംഘം ചെറിയകടമ്പയൊന്നുമല്ല കടന്നത്. ഒരു മാസത്തോളം കഴിഞ്ഞ് നാഗർകോവിലിൽ നിന്നാണ് കേസിൽ ഏഴാം പ്രതിയായ മണിച്ചനെ പൊലീസ് അറസ്റ്റ് ചെയ്തത്. മണിച്ചന്‍റെ പട്ടരുമഠം വീട്, പുളിമൂട്ടിൽ കടവ് ഗോഡൗൺ, താബൂക്ക് ഫാക്ടറി എന്നിവിടങ്ങളിൽ ഭൂഗർഭ അറകളിൽ ഒളിപ്പിച്ചിരുന്ന സ്പിരിറ്റിന്‍റെ വൻശേഖരം തന്നെ അന്വേഷണ സംഘം കണ്ടെത്തി. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച വാഹനങ്ങൾ ഉൾപ്പെടെ തെളിവുകളുടെ വൻ കൂമ്പാരമാണ് ഈ കേസിൽ അന്വേഷണ സംഘം ഹാജരാക്കിയത്. ദുരന്തത്തിൽ മരിച്ച നാല് പേർ ഉൾപ്പെടെ 46 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
വിഷമദ്യ ദുരന്തക്കേസിൽ കൊലപാതകക്കുറ്റം
കേരളത്തിൽ ആദ്യമായി വിഷമദ്യ ദുരന്തക്കേസിൽ കൊലപാതകക്കുറ്റം ചാർത്തിയത് ഈ കേസിലാണ്. 2001 ജൂൺ 20ന് ആരംഭിച്ച വിചാരണയിൽ 2002 ജൂലൈ ഒമ്പതിനാണ് കൊല്ലം സെഷൻസ് കോടതിയിൽ അഡീഷനൽ സെഷൻസ് ജഡ്ജി കെ. ചന്ദ്രദാസ് നാടാർ വിധി പറഞ്ഞത്. ഒമ്പത് പേരെ വെറുതെവിട്ട കോടതി 26 പ്രതികൾ കുറ്റക്കാരെന്ന് വിധിച്ചു. പിന്നാലെ മണിച്ചൻ, ഇയാളുടെ സഹോദരന്മാരായ കൊച്ചനി, വിനോദ്, ഒന്നാം പ്രതി ൈഖറുന്നിസ എന്നിവരുൾപ്പെടെ 13 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. എല്ലാവർക്കും കൂടി 1.17 കോടിയുടെ പിഴയും വിധിച്ചു. പ്രത്യേക ഇളവ് സർക്കാർ നൽകിയില്ലെങ്കിൽ തടവ് മരണം വരെ അനുഭവിക്കണം എന്നൊരു വരിയും കോടതി ആ വിധിയിൽ കൂട്ടിച്ചേർത്തിരുന്നു. മണിച്ചൻ ഹൈകോടതിയെ സമീപിച്ചു. കൊലക്കുറ്റത്തിൽ ഇളവ് ലഭിച്ചെങ്കിലും ജീവപര്യന്തം ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും ശരിെവച്ചു. പരോൾ പോലും ലഭിക്കാതെ കഴിഞ്ഞുപോയ രണ്ട് പതിറ്റാണ്ടിനൊടുവിൽ പ്രത്യേക ഇളവിൽ, കേസിൽ ജയിലിൽ ബാക്കിയായ അവസാന പ്രതിയായ മണിച്ചനും പുറത്തിറങ്ങുമ്പോൾ കോടതി വിധിയിൽ പറഞ്ഞ ഒരു ലക്ഷം പോയിട്ട് തുച്ഛമായ തുകപോലും നഷ്ടപരിഹാരം ലഭിക്കാതെ ഇന്നും ആ ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകളുമായി ജീവിക്കുന്ന നൂറുകണക്കിന് ജീവിതങ്ങൾ ബാക്കി.
കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്: സമാനതകളില്ലാത്ത നിയമവഴികൾ..
കൊല്ലം: 'ഡിപ്പാർട്മെന്റിൽ നിന്ന് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്' വിചാരണക്കൊടുവിൽ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിൽ മണിച്ചൻ ഉൾപ്പെടെ പ്രതികൾക്ക് ശിക്ഷ ലഭിച്ചപ്പോൾ അന്വേഷണത്തിന് നേതൃത്വം നൽകിയ ഐ.ജിയായിരുന്ന സിബി മാത്യൂസിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.
പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ തമ്മിൽ തുറന്ന യുദ്ധമായിരുന്നു തങ്ങൾ നേരിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിബി മാത്യൂസിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതിനുൾപ്പെടെ ശിക്ഷ പ്രതി മണിച്ചന് ലഭിച്ചതും ഇതിനൊപ്പം ചേർത്തുവായിക്കണം. ഇതുകൂടാതെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ചിലർ ശ്രമിച്ചു എന്നുള്ള സ്പെഷൽ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. വി. സുഗതന്റെ വാക്കുകൾ.
തുടക്കം മുതൽ ഒടുക്കം വരെ മണിച്ചൻ ഉൾപ്പെടെ പ്രതികളെ രക്ഷിച്ചെടുക്കാൻ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായ ഇഷ്ടക്കാർ നടത്തിയ ശ്രമങ്ങൾ ശക്തമായ തെളിവുകൾ നിരത്തിയാണ് പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും പൊളിച്ചത്. ശിക്ഷിക്കേണ്ടവർ തന്നെ രക്ഷകർ ആയതുകൊണ്ടാണല്ലോ 31 ജീവനുകൾ അപഹരിക്കുകയും നൂറുകണക്കിന് പേർക്ക് ജീവിതകാലം മുഴുവൻ ദുരിതം ബാക്കിയാക്കുകയും ചെയ്ത കേസ് തന്നെ ഉണ്ടായത്. വിചാരണയുടെ ഓരോ ഘട്ടത്തിലും കേരളം സസൂക്ഷ്മം നിരീക്ഷിച്ച കേസിൽ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. മണിച്ചനും കൂട്ടരും മദ്യത്തിലൂടെ വിഷം വിളമ്പി എന്ന് തെളിയിക്കാൻ പ്രതികൾ സ്പിരിറ്റ് വാങ്ങിയ ബംഗളൂരുവിലെ കമ്പനിയിൽ നിന്നുള്ള രേഖകൾ വരെ കൊണ്ടുവരേണ്ടിവന്നു അന്വേഷണസംഘത്തിന്.
ശരിക്കും വെല്ലുവിളിയായിരുന്നു കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസ് അന്വേഷണമെന്ന് അന്വേഷണ സംഘാംഗം ജയൻ സി. നായർ. കരിയറിൽ തെളിവുകൾ കണ്ടെത്താനും കേസ് തെളിയിക്കാനും ഇത്രയും കഷ്ടപ്പെട്ട ചുരുക്കം കേസുകളേ ഉണ്ടായിട്ടുള്ളൂ. അന്ന് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഓരോ ഉദ്യോഗസ്ഥനും ആ കഷ്ടപ്പാടിൽ പങ്കാളികളായിരുന്നു. പൂർണാർഥത്തിൽ ഒരു ടീം വർക്കായിരുന്നു കല്ലുവാതുക്കൽ കേസ്.
പ്രതികൾക്ക് ശിക്ഷ ലഭിച്ചത് ഞങ്ങൾക്കെല്ലാം ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ സംഭവമായിരുന്നു. ഇപ്പോൾ ശിക്ഷ അനുഭവിച്ച് മണിച്ചൻ പുറത്തിറങ്ങുന്നത് നിയമം ഓരോ വ്യക്തിക്കും നൽകുന്ന ആനുകൂല്യങ്ങൾ അനുസരിച്ചാകുമ്പോൾ അതിൽ മറിച്ചൊരു അഭിപ്രായം ആർക്കും ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.