കണ്ടല്ലൂർ സഹകരണ ബാങ്ക് അഴിമതി സി.പി.എം പ്രതിരോധത്തിൽ
text_fieldsകായംകുളം: കണ്ടല്ലൂർ 2166ആം നമ്പർ സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേട് ശരിവെച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിൽ.ഏരിയ സെന്റർ അംഗം അഡ്വ. സുനിൽകുമാർ പ്രസിഡന്റായ ബാങ്കിലെ ക്രമക്കേട് പാർട്ടിയിൽ വിഭാഗീയതയും രൂക്ഷമാക്കുകയാണ്. പണയ ഉരുപ്പടികൾ ഉടമകളറിയാതെ വിറ്റതാണ് പ്രശ്നമായത്. 250ലധികംപേരുടെ പണയ ഉരുപ്പടികൾ മറിച്ചുവിറ്റെന്നാണ് ആരോപണം.
മുൻ ഭരണസമിതിയുടെ കാലത്തായിരുന്നു കൂടുതൽ തട്ടിപ്പും നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടം ഇതിലൂടെ ബാങ്കിന് സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പണയ ഉരുപ്പടികൾ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികൾ വിൽക്കുമ്പോൾ പിഴപ്പലിശയടക്കം 14-15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിന് വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്ക് രേഖയിൽ ചേർത്തിട്ടുള്ളത്. ഇതാണ് നഷ്ടത്തിന് കാരണം. ഇതുസംബന്ധിച്ച് മൂന്നുമാസമായി നടത്തിവന്ന അന്വേഷണത്തിലാണ് ക്രമക്കേട് ശരിവെച്ച റിപ്പോർട്ട് അധികൃതർക്ക് സമർപ്പിച്ചിരിക്കുന്നത്. സംഭവം വിവാദമായപ്പോൾ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഭരണസമിതി തലയൂരുകയായിരുന്നു. നടപടിക്ക് വിധേയരായവരിൽ പലർക്കും ഇതുമായി ബന്ധമില്ലെന്നാണ് പറയുന്നത്.
സെക്രട്ടറി യോഗിദാസ് സസ്പെൻഷനിലിരിക്കെ വിരമിക്കുകയായിരുന്നു. സസ്പെൻഷനിലായവർക്ക് അലവൻസ് ഇനത്തിൽ പ്രതിമാസം രണ്ടര ലക്ഷത്തോളം രൂപ നൽകുന്നത് സംഘത്തിന് അധിക ബാധ്യതയും സൃഷ്ടിക്കുന്നു. അതേസമയം, ഭരണസമിതി അറിയാതെ പണയ ഉരുപ്പടികൾ വിൽക്കാനാവില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അഴിമതിയാരോപണം നിലനിൽക്കെ സുനിൽകുമാറിനെ വീണ്ടും ഏരിയ സെന്ററിൽ ഉൾപ്പെടുത്തിയതും ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.