കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല; സിനിമക്കഥ പോലെ ഉദ്വേഗഭരിതം
text_fieldsകോട്ടയം: ഏറെ നാടകീയത നിറഞ്ഞതായിരുന്നു കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകം. സ്വത്ത് തർക്കവും തോക്കും കൊലപാതകവും കൂറുമാറ്റവും ഭീഷണിപ്പെടുത്തലും നിറഞ്ഞതിനൊടുവിൽ പ്രതി പൂജപ്പുര ജയിലിൽ. സാമ്പത്തികമായും പാരമ്പര്യമായും ഉയർന്ന നിലയിലുള്ള കാഞ്ഞിരപ്പള്ളി കരിമ്പനാൽ കൂടുംബത്തിലുണ്ടായ സംഭവങ്ങൾ നാടിനെ ഞെട്ടിക്കുന്നതായിരുന്നു. വൻ ഭൂസ്വത്തുള്ള കുടുംബത്തിൽ വിള്ളൽ വീഴ്ത്തിയത് സാമ്പത്തിക തർക്കമായിരുന്നു.
കൊലപാതകത്തില്‍ കലാശിച്ചത് സ്വത്ത് തർക്കം
പ്രതിയായ ജോർജ് കുര്യന് ബിസിനസിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ കുടുംബവിഹിതത്തില്‍ നിന്ന് 2.33 ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് ഏക്കര്‍ സ്ഥലം നല്കാന് മാതാപിതാക്കളും കൊല്ലപ്പെട്ട രഞ്ജുവും തയാറായിരുന്നു. കൊലപാതകത്തിന് തലേന്നും ഇതിനെചൊല്ലി തർക്കങ്ങൾ നടന്നു. തുടർന്നാണ് മധ്യസ്ഥനായി അമ്മാവൻ മാത്യു സ്കറിയയെ വിളിച്ചുവരുത്തി പിറ്റേന്ന് ചർച്ച നടത്താൻ തീരുമാനിച്ചത്.
സംഭവത്തിന് രണ്ടാഴ്ച മുമ്പ് മുതല്‍ പ്രതി ജോര്‍ജ് കുടുംബ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരപ്പള്ളി പ്ലാന്റേഴ്സ് ക്ലബിൽ താമസിച്ചുവരികയായിരുന്നു. സംഭവദിവസം സഹോദരനും അമ്മാവനും വീട്ടിലുണ്ടെന്ന് ഉറപ്പിച്ചശേഷം അതിവേഗത്തിൽ കാറിലെത്തി ഇവർക്കുനേരെ വെടിയുതിർത്ത് മുറിയിലേക്ക് മടങ്ങുകയായിരുന്നു. വെടിയേറ്റ് ശ്വാസകോശം തകര്‍ന്ന മാത്യുവിന്റെ നെഞ്ചില്‍ തോക്ക് ചേര്‍ത്തുവെച്ച് വീണ്ടും വെടിവെച്ചന്ന് കുറ്റപത്രത്തിൽ പറയുന്നു.
വെടിയേറ്റ് പുറത്തേക്ക് ഓടിയ സഹോദരന് രഞ്ജുവിനെ പിന്നില്‍ നിന്ന് വീണ്ടും വെടിയുതിര്‍ത്തു. തുടര്‍ന്ന് വീട്ടുജോലിക്കാരി ഉള്‍പ്പെടെയുള്ളവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. വർഷങ്ങളായി ജോർജ് കുര്യന് തോക്കും ലൈസൻസുമുണ്ടായിരുന്നു. മരണപ്പെട്ട രഞ്ജുവിന്റെ കുടുംബം ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലെ കൊലപാതകം നടന്ന കുടുംബവീട്ടിലാണ് താമസിക്കുന്നത്.
കുലുക്കമില്ലാതെ ജോർജ് കുര്യൻ
വിചാരണക്കിടയിലും നാടകീയതകൾ നിറഞ്ഞു നിന്നു. കേസിലെ സാക്ഷികളായിരുന്ന ബന്ധുക്കളെല്ലാം കൂറുമാറി. എന്നാൽ, ബന്ധുകൂടിയായ മാത്യു സ്കറിയയുടെ കുടുംബം വിട്ടുവീഴ്ചക്ക് തയാറായില്ല. വിചാരണയിൽ ഉടനീളം കൂസലില്ലാതെയായിരുന്നു പ്രതി ജോർജ് കുര്യന്റെ ഇടപെടൽ. വിധി പ്രതീക്ഷിച്ചപോലെയായിരുന്നു ജോർജ് കുര്യന്റെ പെരുമാറ്റം. വിധിയറിയാനെത്തിയപ്പോഴുണ്ടായിരുന്ന അതേ ചിരി വിധി കേട്ട ശേഷവും തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.