സ്ഥിരം കുറ്റവാളികളായ 10 പേര്‍ക്കെതിരെ കാപ്പ നടപടി
text_fieldsകൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയായ 10 പ്രതികള്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചു. രണ്ട് പേരെ കരുതല്‍ തടങ്കലിലാക്കി, ആറ് പ്രതികളെ ജില്ലയില്‍ നിന്ന് പുറത്താക്കി. രണ്ട് പേര്‍ക്കെതിരെ സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തി. 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊല്ലം ഈസ്റ്റ് കന്റോണ്‍മെന്റ് പുതുവല്‍ പുരയിത്തില് മനു(32), അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശക്തികുളരങ്ങ കന്നിമേല്‍ പാവൂരഴികത്ത് തെക്കേത്തറയില്‍ ഗിരീഷ്(46), എന്നിവരെയാണ് കരുതല്‍ തടങ്കലിലാക്കിയത്.
നാല് കേസുകളില്‍ പ്രതിയായ മുഖത്തല ചെറിയേല മഠത്തിവിളവീട്ടില് അഭിഷേക്(21), ആറു കേസുകളില്‍ പ്രതിയായ പുന്നത്തല ജവഹര്‍ നഗര്‍ 193- കല്ലുംപുറത്ത് വീട്ടില്‍ അനന്തു(30), അഞ്ച് കേസുകളില്‍ പ്രതിയായ കന്നിമേല്‍ പെരുങ്കുഴിയില്‍ വീട്ടില്‍ ശബരി(23), പത്ത് മോഷണ കേസുകളില്‍ പ്രതിയായ കന്നിമേല്‍ ഡ്രീംനഗര്‍ 111- തേവരുപറമ്പില്‍ വീട്ടില്‍ അനന്തകൃഷ്ണൻ(24), അഞ്ച് മോഷണ കേസുകളില്‍ പ്രതിയായ മുളങ്കാടകം എം.സി.ആര്.എ 49- കണ്ണാവിള തയ്യില്‍ വീട്ടില്‍ ബാലു (27), ആറ് കേസുകളില്‍ പ്രതിയായ തൃക്കോവില്‍വട്ടം കുറുമണ്ണചേരിയില് വിഷ്ണു മന്ദിരത്തില്‍ സൂരജ്(22) എന്നിവരെയാണ് ആറു മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായത്.
അഞ്ച് കേസുകളില്‍ പ്രതിയായ ഓച്ചിറ ആലപ്പാട് അഴീക്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അരുണ്‍(24), മൂന്ന് കേസുകളില്‍ പ്രതിയായ കരുനാഗപ്പള്ളി പടവടക്ക് പറമ്പില്‍ തെക്കതില്‍ പ്രഭാത്(29) എന്നിവര്‍ക്കെതിരെ സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തി.
ജില്ല പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസ് ആണ് മനുരാജേന്ദ്രനും ഗിരീഷിനുമെതിരെ കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. ഇവരെ കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ഈ വര്‍ഷം ഇതുവരെ 20 പ്രതികളെ കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
നിരോധന ഉത്തരവ് ലംഘിച്ച് ഇവര്‍ കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ പ്രവേശിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 1090, 0474-2742265, എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.