അത്താഴം നൽകിയില്ല; കർണാടകയിൽ യുവതിയുടെ തല വെട്ടിമാറ്റി തോലുരിഞ്ഞ് ഭർത്താവ്
text_fieldsബംഗളൂരു: കർണാടകയിലെ തുമകുരുവിൽ 35കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പുഷ്പലതയാണ് വാടക വീട്ടിൽവച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. അത്താഴം നൽകാത്ത വൈരാഗ്യത്തിന് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തല വെട്ടിമാറ്റുകയും തോലുരിയുകയും ചെയ്തു.
സംഭവം നടന്നയിടത്തുനിന്നുള്ള ദൃശ്യം മനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ശരീരം രക്തത്തിൽ കുതിർന്നു കിടക്കുന്ന നിലയിലും, ഞരമ്പുകളും കുടലുമുൾപ്പെടെ പുറത്തു ചാടിയ നിലയിലുമായിരുന്നു. പുഷ്പലതയും ശിവരാമയും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നും കൊലപാതകം നടന്നത് തിങ്കളാഴ്ച രാത്രിയാണെന്നും പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി വഴക്കുണ്ടായതിനെ തുടർന്ന് പുഷ്പലത ഭർത്താവിന് ഭക്ഷണം നൽകിയില്ല. ഇതിനേത്തുടർന്ന് വീണ്ടും വഴക്കുണ്ടാവുകയും ശിവരാമയുടെ ജോലിയെച്ചൊല്ലി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ പുഷ്പലതയെ ശിവരാമ കുത്തിക്കൊല്ലുകയും പിന്നാലെ തല വെട്ടിമാറ്റുകയും ഇതേ കത്തി ഉപയോഗിച്ചു തന്നെ തോലുരിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
പിറ്റേന്നു രാവിലെ വീട്ടുടമയോട് ശിവരാമ സംഭവത്തെ കുറിച്ച് പറയുകയും ഇയാൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു.ക്രൂരകൃത്യം നടക്കുമ്പോൾ ഇവരുടെ എട്ടുവയസ്സുകാരന്‍ മകന്‍ വീട്ടില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ശിവരാമ കുറ്റം ഏറ്റുപറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.