കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ജപ്തിക്കെതിരെ കോടതിയെ സമീപിച്ച് മുൻ ഭരണസമിതി അംഗങ്ങൾ
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്ന റവന്യൂ റിക്കവറി നടപടികൾക്കെതിരെ മുൻ ഭരണസമിതി അംഗങ്ങൾ ഹൈകോടതിയിൽ. കേസിൽ പ്രതി ചേർത്ത മൂന്നുപേരുടെ വീടുകളിലെത്തി സഹകരണ വകുപ്പ് ജപ്തി തുടങ്ങിയിരുന്നു. ഒരുമുൻ ഭരണസമിതി അംഗം വീട് പൂട്ടി സ്ഥലം വിട്ടതിനാൽ നടപടികൾക്ക് കഴിഞ്ഞിരുന്നില്ല. നടപടി കർശനമാക്കുമെന്ന് വീടുകളിലെത്തി ഉദ്യോഗസ്ഥർ അറിയിച്ച സാഹചര്യത്തിലാണ് ഇവർ കോടതിയെ സമീപിച്ചത്.
തട്ടിപ്പിൽ പ്രതിചേർക്കപ്പെട്ട 18 മുൻ ഭരണസമിതി അംഗങ്ങളിൽ 16 പേരാണ് സംയുക്തമായി കോടതിയെ സമീപിച്ചത്. വിദേശത്തുള്ള മുൻ അംഗവും ജപ്തി ചെയ്യാൻ വസ്തുവകകളില്ലാത്ത മുൻ അംഗവും ഹരജിയിൽ പങ്ക് ചേർന്നിട്ടില്ല. മുൻ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാർ ഹൈകോടതിയിൽനിന്ന് ജപ്തി നടപടികൾ തടഞ്ഞ് ഉത്തരവ് വാങ്ങിയിരുന്നു. കഴിഞ്ഞദിവസം സുനിൽകുമാറിന്റെ വീട്ടിൽ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരെ സ്റ്റേ ഉത്തരവ് കാണിച്ചാണ് മടക്കിയത്. രണ്ടുമാസത്തേക്കാണ് സ്റ്റേ.
സഹകരണ വകുപ്പിനുവേണ്ടി റവന്യൂ വകുപ്പ് ഇതിനകം രണ്ട് വീടുകളിൽ ജപ്തി നടപടി സ്വീകരിച്ചു. മുൻ ഭരണസമിതി അംഗങ്ങൾ അടക്കം 22 പേരിൽനിന്നാണ് 125.84 തുക ഈടാക്കുന്ന നടപടികളിലേക്ക് സഹകരണ വകുപ്പ് കടന്നത്. ഇതിൽ പ്രാഥമിക ഘട്ടമായിട്ടായിരുന്നു എടുക്കാൻ കഴിയുന്ന വസ്തുക്കളുടെ ജപ്തികൾ. നഷ്ടം ഈടാക്കേണ്ടവരിൽ നിന്ന് മരിച്ച ഭരണസമിതി അംഗത്തെയും തട്ടിപ്പ് നടന്ന കാലത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടാക്കിയിട്ടില്ലെന്ന് കാണിച്ച ജീവനക്കാരിയെ അടക്കം രണ്ട് പേരെ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.