കീരെഹള്ളിയും കൂട്ടാളികളും അലീമുല്ലയെയും മർദിച്ചു, ഷോക്കടിപ്പിച്ചു
text_fieldsബംഗളൂരു: മുസ്ലിം കാലിക്കച്ചവടക്കാരനായ ഇദ്രീസ് പാഷയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ തീവ്ര ഹിന്ദുത്വ നേതാവ് പുനീത് കീരെഹള്ളി സ്ഥിരം കുറ്റവാളി. തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്ര രക്ഷന പദെയുടെ (ദേശരക്ഷാസേന) നേതാവാണിയാൾ.
കൊലക്കുറ്റത്തിന് അറസ്റ്റിലായതിനു പിന്നാലെ ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി ബംഗളൂരു പൊലീസ് ചുമത്തി. മാർച്ച് 20ന് കീരെഹള്ളിയും മൂന്നു കൂട്ടാളികളും അലീമുല്ല ബേഗ് (30) എന്ന കാലിക്കച്ചവടക്കാരനെ ഇലക്ട്രിക് തോക്ക് ഉപയോഗിച്ച് ക്രൂരമായി മർദിച്ച സംഭവത്തിലാണിത്. ഹൊസൂർ റോഡിലൂടെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലേക്ക് കാലികളെ വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു അലീമുല്ല. നൈസ് റോഡിൽ വെച്ച് കീരെഹള്ളിയും കൂട്ടാളികളായ സന്തോഷ്, ചേതൻ, ദീപക് എന്നിവരും വാഹനം തടഞ്ഞു.
ഡ്രൈവറായ റഫീഖിനെ മർദിക്കാൻ തുടങ്ങി. തുടർന്ന് അലീമുല്ലയെ ഇലക്ട്രിക് തോക്കുകൊണ്ട് നിരവധി തവണ ഷോക്കേൽപിച്ചു. വേദനകൊണ്ട് അലറിക്കരഞ്ഞ അലീമുല്ലയെ ഒരു മണിക്കൂറോളം ക്രൂരമായി മർദിച്ചു. പിന്നീട് ഇതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ട്രക്കിനുള്ളിലെ തുണികൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കിടത്തിയായിരുന്നു മർദനം. അലീമുല്ല വേദനകൊണ്ട് പുളയുന്നത് വിഡിയോയിൽ കാണാം. തുടർന്ന് അലീമുല്ലക്കെതിരെ കീരെഹള്ളി കർണാടക ഗോവധ നിരോധന നിയമപ്രകാരം പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ കേസിൽ അടുത്തിടെയാണ് അലീമുല്ലക്ക് ജാമ്യം ലഭിച്ചത്. അടുത്തിടെ ഇദ്രീസ് പാഷ വധക്കേസിൽ ഇയാൾ അറസ്റ്റിലായതോടെയാണ് അലീമുല്ലയും പരാതി നൽകാൻ തയാറായത്. പരാതിപ്രകാരം ഇലക്ട്രോണിക് സിറ്റി പൊലീസ് ഏപ്രിൽ ആറിനാണ് കീരെഹള്ളിക്കെതിരെ മർദനം, വഴിതടയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.
രാമനഗര ജില്ലയിൽ ഏപ്രിൽ ഒന്നിനാണ് മുസ്ലിം കാലിക്കച്ചവടക്കാരനായ മാണ്ഡ്യ സ്വദേശി ഇദ്രീസ് പാഷയെ (40) കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മാർച്ച് 31ന് രാത്രി 11.40ഓടെയാണ് അനധികൃത കാലിക്കടത്തെന്നാരോപിച്ച് പുനീത് കീരെഹള്ളിയുടെ നേതൃത്വത്തിലുള്ള ഗോരക്ഷാ ഗുണ്ടകൾ ഇദ്രീസ് പാഷയുടെയും സഹപ്രവർത്തകരുടെയും ലോറി തടഞ്ഞ് മർദിച്ചത്. ക
ന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇവരെ ഇദ്രീസ് കാണിച്ചുവെങ്കിലും കീരെഹള്ളി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനു കഴിയില്ലെന്ന് പറഞ്ഞതോടെ ‘പാകിസ്താനിലേക്ക് പോകൂ’ എന്നാക്രോശിച്ച് ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടിയ പാഷയുടെ മൃതദേഹം പിറ്റേദിവസമാണ് റോഡരികിൽ കണ്ടത്. കേസിലെ മുഖ്യ പ്രതി പുനീത് കീരെഹള്ളിയെയും നാലു കൂട്ടാളികളെയും രാജസ്ഥാനിൽ നിന്നാണ് പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ കൊലപാതക കേസിൽ സതനൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കീരെഹള്ളിക്ക് ഉന്നത ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സൗത്ത് ബംഗളൂരു ബി.ജെ.പി എം.പി തേജസ്വി സൂര്യ, ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി, ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയവരോടൊപ്പം നിൽക്കുന്ന നിരവധി ഫോട്ടോകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.