ലഹരി കവരുന്ന കൗമാരം: ചൂഷണത്തിലേക്കുള്ള ആദ്യപടി
text_fields''നാളെ ഞാൻ ആത്മഹത്യ ചെയ്യും''-വിങ്ങിപ്പൊട്ടി ചൈൽഡ് ലൈനിലേക്ക് ഒരു ഹൈസ്കൂൾ വിദ്യാർഥിനിയുടെ ഫോൺകാൾ ഇങ്ങനെയായിരുന്നു. ആത്മഹത്യ ചെയ്യാൻ പോവുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കാനാണ് വിളിച്ചതെന്ന് അവൾ പറഞ്ഞു. അധികൃതർ കുട്ടിയെ ഒരുവിധം കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ച് അടുത്ത ദിവസം രാവിലെ വീട്ടിലെത്തി. രക്ഷിതാക്കളുടെ അനുമതിയോടെ പെൺകുട്ടിയുമായി സംസാരിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വിദ്യാർഥിനി വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് നഗ്നഫോട്ടോകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്നെന്നായിരുന്നു പരാതി. ലഹരിക്കടിമയായ യുവാവ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിൽ അടുപ്പം സ്ഥാപിച്ച് നഗ്നഫോട്ടോകൾ നിർബന്ധിപ്പിച്ച് അയപ്പിച്ചു. ഫോട്ടോയും സ്ക്രീൻ ഷോട്ടുകളും പെൺകുട്ടിക്കുതന്നെ തിരിച്ചയച്ച് സ്വർണവും പണവും തന്നില്ലെങ്കിൽ പുറത്തുവിടുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. കുട്ടിയെ ലഹരി ഉപയോഗിക്കാൻ നിരന്തരം പ്രേരിപ്പിച്ചതായും കണ്ടെത്തി. ജീവിതം തകർന്നെന്ന തോന്നലിലാണ് പെൺകുട്ടി ആത്മഹത്യക്കൊരുങ്ങിയത്. എന്നാൽ, ചൈൽഡ്ലൈന്‍റെ ഇടപെടലിൽ കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി.
കാമുകർ വിരിക്കുന്ന വലകൾ...
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ അടുത്തിടെ അറസ്റ്റിലായത് പത്തിലധികം പേരാണ്. ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനി ഇൻസ്റ്റഗ്രാം വഴി ഒരു യുവാവുമായി പരിചയപ്പെട്ടിരുന്നു. ഇവർ തമ്മിൽ കൂടുതൽ അടുത്തപ്പോൾ യുവാവ് പെൺകുട്ടിക്ക് മയക്കുമരുന്നുകൾ പരിചയപ്പെടുത്തുകയും ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ഇതിനിടെ, യുവതിയുടെ നഗ്നഫോട്ടോകൾ യുവാവ് ഫോണിലൂടെ കൈക്കലാക്കി. പിന്നീട് ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടിയെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചു. യുവാവിന്‍റെ സുഹൃത്തുക്കളും രാത്രി സമയങ്ങളിൽ വീട്ടിൽ രഹസ്യമായെത്തി പീഡനം തുടർന്നു. ഇതോടെ കടുത്ത മാനസികസമ്മർദത്തിലായ വിദ്യാർഥിനി കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങി. പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാരും ബന്ധുക്കളും കൗൺസിലറെ സമീപിച്ച് കുട്ടിയുമായി സംസാരിച്ചപ്പോഴാണ് നിരവധിപേർ തന്നെ ലഹരി നൽകി പീഡിപ്പിച്ചുവരുകയാണെന്ന് വെളിപ്പെടുത്തിയത്. പ്രതികളിൽ പലരെയും കുട്ടിക്ക് നേരിട്ട് പരിചയംപോലും ഉണ്ടായിരുന്നില്ല.
ചൂഷണത്തിന്‍റെ സമൂഹമാധ്യമ വഴികൾ
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളുമായി ബന്ധം സ്ഥാപിക്കുന്ന വിദ്യാർഥിനികളിൽ വലിയൊരു വിഭാഗം നിരവധി ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്. പെൺകുട്ടികളുമായി ചങ്ങാത്തത്തിലായി അവരുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയാണ് ഇവരുടെ പ്രധാന പരിപാടി. പടങ്ങളും ദൃശ്യങ്ങളും കൈയിലെത്തിയാൽ ചെറിയ അത്യാവശ്യങ്ങൾക്ക് പണം ചോദിച്ചുതുടങ്ങും. പിന്നീടത് സ്വർണാഭണങ്ങളിലേക്കും വലിയ തുക ചോദിക്കുന്നതിലേക്കും എത്തും. തങ്ങളുടെ സ്വകാര്യദൃശ്യങ്ങൾ പുറത്താവുമെന്ന ഭയത്താൽ സംഘടിപ്പിക്കാൻ പറ്റുന്ന പണവും സ്വർണവും ഇത്തരം വ്യാജ കാമുകന്മാർക്ക് കൈമാറും. ഇത്തരം കേസുകളിൽ പെൺകുട്ടികൾ ലഹരി ഉപയോഗിച്ചില്ലെങ്കിലും കാമുകന്മാർ ലഹരി ഉപഭോക്താക്കളാവുന്നതും പെൺകുട്ടികളെ ചതിയിൽപെടുത്തുന്നതും തുടർക്കഥയാണ്.
പോക്സോ കേസുകളിലും വില്ലൻ ലഹരി
ജില്ലയിൽ റിപ്പോർട്ട് ചെയ്ത 50 ശതമാനത്തിലധികം പോക്സോ കേസുകളിലും ഏതെങ്കിലും തരത്തിൽ ലഹരിയുടെ സാന്നിധ്യമുണ്ട്. പീഡിപ്പിച്ചയാൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, അല്ലെങ്കിൽ കുട്ടിക്ക് നൽകി വശത്താക്കി പീഡനം നടത്തുന്നതായും പൊലീസിനും ചൈൽഡ് ലൈനും നൽകുന്ന വിവരങ്ങളിൽ വ്യക്തമാകുന്നു. പല പോക്സോ കേസുകളിലും ഇത്തരം ലഹരി ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. കൊണ്ടോട്ടി സ്റ്റേഷൻ പരിധിയിലെ 14കാരനായ വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷിച്ചപ്പോൾ പോക്സോ കേസിനൊപ്പം ലഹരി കേസും തെളിഞ്ഞിരുന്നു. മയക്കുമരുന്ന് നൽകി കുട്ടിയെ നാട്ടിലെ മുതിർന്ന ചിലർ നിരന്തരമായി പീഡിപ്പിച്ചതായും കുട്ടി വെളിപ്പെടുത്തിയിരുന്നു. മൊബൈൽ റീചാർജ് ചെയ്തും വാഹനം ഓടിക്കാൻ കൊടുത്തും ഇഷ്ടമുള്ള ഭക്ഷണം നൽകിയുമൊക്കെയാണ് ഈ സംഘം കുട്ടിയെ വരുതിയിലാക്കിയത്. പിന്നീട് ചെറിയ ലഹരിപദാർഥങ്ങൾ നൽകി അടിമയാക്കുകയായിരുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.