Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലഹരി കവരുന്ന കൗമാരം: ...

ലഹരി കവരുന്ന കൗമാരം: മറച്ചുവെക്കപ്പെടുന്ന കേസുകൾ

text_fields
bookmark_border
drug case
cancel

വിദ്യാലയങ്ങളിൽ പിടിക്കപ്പെടുന്ന മയക്കുമരുന്നു കേസുകൾ പലതും മറച്ചുവെക്കപ്പെടുകയാണ്​​. കുട്ടികളുടെ ഭാവിയെ കരുതിയും രക്ഷിതാക്കളുടെ മാനഹാനി ഭയന്നും വിദ്യാലയങ്ങളുടെ സൽപേരിനെ ബാധിക്കുമെന്ന ഭീതിയുമൊക്കെ ഇതിനു​ പിന്നിലുണ്ട്​. ശിശുക്ഷേമ സമിതികളും പൊലീസുമൊക്കെ പല കേസുകളും ഒതുക്കിത്തീർക്കുകയോ രഹസ്യമാക്കി വെക്കുകയോ ചെയ്യുന്നതും ഇക്കാരണങ്ങളാലാണ്​. പുറത്തുവരുന്ന കേസുകൾ വളരെ കുറവാണ്​ എന്നാണ്​ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്​.

ഒമ്പതാം ക്ലാസുകാരൻ ലഹരി നൽകി പീഡിപ്പിച്ചത്​ സഹപാഠികളെ

കണ്ണൂരിലെ ഒമ്പതാം ക്ലാസുകാരനായ വിദ്യാർഥി തന്നെ ലഹരി മരുന്ന്​ നൽകി നിരന്തരം പീഡനത്തിനിരയാക്കിയെന്ന സഹപാഠിയായ പെൺകുട്ടിയു​ടെ വെളിപ്പെടുത്തൽ ഏതാനും ദിവസങ്ങൾക്കു മുമ്പാണ്​ വന്നത്​. തനിക്കുപുറമെ 11 വിദ്യാര്‍ഥിനികളെ ഒമ്പതാം ക്ലാസുകാരന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥി ബംഗളൂരുവിലും മറ്റും പോകാറുണ്ടെന്നും മയക്കുമരുന്ന് വാങ്ങുന്ന സ്ഥലമെല്ലാം പെണ്‍കുട്ടി പറഞ്ഞു. 14കാരനെ അറസ്റ്റ്​ ചെയ്തിരുന്നു. സംസ്ഥാനത്ത്​ സമാനരീതിയിലുള്ള നിരവധി പരാതികൾ രഹസ്യമായി പൊലീസിലും ശിശുസമിതികളിലും എത്തിയിട്ടുണ്ടെന്ന്​ അന്വേഷണത്തിൽ മനസ്സിലായി. എന്നാൽ, പല പരാതികളും സ്കൂളുകൾ മറച്ചുവെക്കുന്നതായും കണ്ടെത്തി.

പെൺകുട്ടികളും ഒട്ടും പിറകിലല്ല

മയക്കുമരുന്ന്​ ഉപയോഗത്തിന്‍റെ കാര്യത്തിൽ ആൺ -പെൺ വ്യത്യാസമില്ലാതായിരിക്കുന്നു എന്നു പറഞ്ഞത്​ സംസ്ഥാന മുഖ്യമന്ത്രിയാണ്​. ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടിവരുകയാണെന്ന ഗുരുതരമായ മുന്നറിയിപ്പുണ്ട്​ ഈ പ്രസ്​താവനയിൽ. മലബാറിലെ ഒരു സ്കൂളിൽ പെൺകുട്ടികൾ മാരക ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതായി പരാതി വന്നു. ഇക്കാര്യം അന്വേഷിക്കാൻ സ്കൂളിലെത്തിയ അന്വേഷണ സംഘത്തോട്​ സ്കൂൾ അധികൃതരുടെ മറുപടി അത്​ പെൺകുട്ടികളല്ലെന്നും ആൺകുട്ടികളാണെന്നുമായിരുന്നു. സ്കൂളി​ന്‍റെ പേരിന്​ കളങ്കമാകുമെന്ന ഭയത്താൽ പെൺകുട്ടികളുടെ ലഹരി ഉപയോഗം മറച്ചുവെക്കാനാണ്​ സ്കൂൾ അധികൃതരും ബന്ധപ്പെട്ടവരും ശ്രമിച്ചത്​. എവിടെനിന്നാണ്​ കുട്ടികൾക്ക്​ ലഹരി കിട്ടുന്നതെന്ന ​ചോദ്യത്തിന്​ മരത്തിന്‍റെ ​പൊത്തിലും മതിലിന്‍റെ അടുത്തും 'ആരോ' കൊണ്ടുവെച്ചപ്പോൾ കുട്ടികൾ അറിയാതെ ഉപയോഗിച്ചതാണെന്ന മുടന്തൻ മറുപടിയാണ്​ അധ്യാപകരും സ്കൂൾ അധികൃതരും നൽകിയത്​.

മൂടി​വെക്കുന്ന വിവരക്കേട്​

പൊലീസ്​, എക്​സൈസ്​, ചൈൽഡ്​ലൈൻ, കൗൺസലർമാർ തുടങ്ങിയവരുമായി സംസാരിച്ചും വിവരങ്ങൾ സംഘടിപ്പിച്ചും അന്വേഷിച്ചപ്പോൾ ജില്ലയിലെ സർക്കാർ -എയ്​ഡഡ്​ വ്യത്യാസമില്ലാതെ വിദ്യാർഥികൾ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്​​. സർക്കാർ കണക്കുകളും ഇതും വ്യക്തമാക്കുന്നു. സ്കൂളിന്‍റെ ശുചിമുറികളിലും സമീപത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലും പാടങ്ങളിലു​മെല്ലാം കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ട്​​. ലഹരി ഉപയോഗവും അതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുകളും മറ്റും കുട്ടിക​ളെക്കൂടി ബാധിക്കുമെന്നതിനാലായിരിക്കും പല സ്കൂളുകളും ഇത്തരം കാര്യങ്ങൾ കൃത്യമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റിപ്പോർട്ട്​ ചെയ്യുന്നില്ല. ആരോപണവിധേയനായ കുട്ടിയെ സ്കൂളിൽനിന്ന്​ പുറത്താക്കിയാൽ എല്ലാം ശരിയായെന്നാന്നാണ്​ പലരുടെയും ധാരണ. എന്നാൽ, അതിനുശേഷം ഈ കുട്ടി എവിടെ എത്തുന്നു​വെന്നോ ഭാവി എന്താകുമെന്നോ പലരും ചിന്തിക്കാറില്ല. സ്കൂളുകളുടെ കൃത്യമായ ​ബോധവത്​കരണത്തിനൊപ്പം കൗൺസലിങ്ങും നിരീക്ഷണവും തുടർന്നാൽ മാത്രമേ ഇത്തരം കേസുകൾ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിർത്താൻ സാധിക്കൂ.

കഞ്ചാവ്​ വേണ്ട...ലഹരി ഗുളിക മതി

പുതിയ ട്രെൻഡനുസരിച്ച്​ കഞ്ചാവിനെക്കാളും വിദ്യാർഥികൾ രാസലഹരികൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ്​ ​അന്വേഷണ ഉദ്യോഗസ്ഥർ​ നൽകുന്ന വിവരം. കഞ്ചാവ്​ ഉപയോഗിച്ചാലും മദ്യം കുടിച്ചാലും പെട്ടെന്ന്​ അറിയാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിൽ എം.ഡി.എം.എ പോലുള്ള ലഹരി പദാർഥങ്ങളിലേക്ക്​ യുവസമൂഹം തിരിഞ്ഞിട്ടുണ്ട്​. 13 വയസ്സു മുതലുള്ള വിദ്യാർഥികൾ ഇത്തരം രാസലഹരികൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. എന്നാൽ, ഇത്​ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക്​ ഇടവരുത്തുന്നുണ്ട്​. മനുഷ്യനെ ​​ഭ്രാന്തമായ അവസ്ഥയി​ലേക്ക്​ ഇത്തരം ലഹരി ചെന്നെത്തിക്കും. എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകൾ ഉണ്ടാക്കുന്നത്​ ശാസ്ത്രീയമായ അറിവുകൾ ഇല്ലാത്തവരാണ്​. ഇത്​ ഉപയോഗിക്കുന്നത്​ ഭാവിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്​ ഇടവരുത്തുന്നതായി ആ​രോഗ്യ രംഗത്തുള്ളവരും പറയുന്നു.

പുകവലിയിൽ തുടക്കം

ലഹരിക്കടിമപ്പെടുന്ന കുട്ടികളിൽ 90 ശതമാനവും ആദ്യം തുടങ്ങിയത്​​ പുകവലിയാണെന്നാണ്​ വെളിപ്പെടുത്തുന്നത്​. സ്കൂളുകളിൽ അഞ്ചാം ക്ലാസ്​ മുതലുള്ള കുട്ടികൾ പുകവലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്​. കടലാസ്​ ചുരുട്ടി പുകവലി അനുകരിക്കുന്ന കുട്ടികൾ ഏറെയുണ്ട്​. ഇത്തരം കുട്ടികൾ വളരുമ്പോൾ പെട്ടെന്ന്​ പുകവലി തുടങ്ങാൻ സാധ്യതയുണ്ടെന്ന്​ മനഃശാസ്ത്ര മേഖലയിൽ ജോലി ചെയ്യുന്നവർ വ്യക്തമാക്കുന്നു. സ്കൂളിൽ കുട്ടികളുടെ ഇടയിൽ ഹീറോ ആകണമെങ്കിൽ പുകവലി നിർബന്ധമാണെന്നും ഇടക്ക്​ ഒരു ബിയറൊ​ക്കെ അടിക്കണമെന്നുമുള്ള പ്രചാരണങ്ങൾ കാലങ്ങളായി തുടരുന്നുണ്ട്​. ഈ പുകവലി കഞ്ചാവിലേക്കും പിന്നീട്​ മാരക ലഹരി മരുന്ന്​ ഉപയോഗത്തിലേക്കും നയിക്കുകയാണ്​ ചെയ്യുന്നത്​.

അധ്യാപകരും 'മോശമല്ല'

കേരളത്തിൽ ലഹരി കേസിൽ അധ്യാപകരും പിടിയിലായിട്ടുണ്ട്​. ആലപ്പുഴ ജില്ലയിൽ ഇത്തരം കേസിൽ അറസ്റ്റിലായ അധ്യാപകനെ പിന്നീട്​ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിദ്യാഭ്യാസ​ വകുപ്പ്​ സസ്​പെൻഡ്​ ചെയ്തിരുന്നു. കേരളത്തിലെ ഒരു പ്രമുഖ സ്കൂളിലെ അധ്യാപികയെയും പൊലീസ്​ ലഹരി കൈവശംവെച്ച കേസിൽ അറസ്റ്റ്​ ചെയ്തിരുന്നു. കേരളത്തിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ അധ്യാപകരെ പിടികൂടിയ​ വിവരം സർക്കാറിനോട്​ ആരാഞ്ഞപ്പോൾ ഉണ്ടെന്നാണ്​ രേഖാമൂലം നൽകിയ വിവരങ്ങളിൽ വ്യക്തമാക്കിയത്​. ​ഇത്തരം കേസുകളുടെ തുടർനടപടികൾ നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്ത്​ ലഹരി ഉപയോഗവു​മായി ബന്ധ​പ്പെട്ട്​ അധ്യാപകർക്കെതിരെ കേസെടുക്കുകയും വകുപ്പുതല നടപടികൾ സ്വീകരിക്കുകയും ചെയ്തതായും സർക്കാറിന്​ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ വിവരങ്ങളിലുണ്ട്​. മയക്കുമരുന്നിന്‍റെ പിടിയിൽപെട്ട്​ ജയിലിലായ മിടുക്കനായ വിദ്യാർഥിയുടെ അനുഭവം എല്ലാവർക്കും പാഠമാകേണ്ടതാണ്​. അതേക്കുറിച്ച്​ നാളെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsdrug huntMDMA case
News Summary - Kerala is in the grip of drugs
Next Story