തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കവർന്ന കേസിൽ 21കാരൻ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: ജ്വല്ലറി ഉടമയുടെ സഹോദരനെയുൾപ്പെടെ കാറിൽ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ 21കാരനെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ആന്തൂർ ബക്കളം കടമ്പേരി ക്ഷേത്രത്തിന് സമീപത്തെ സി.പി. ഉണ്ണികൃഷ്ണനെയാണ് മീനങ്ങാടി എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴിന് രാത്രി എട്ടരയോടെ കൃഷ്ണഗിരിയിലെ അമ്പലപ്പടിയിൽ വെച്ചാണ് മീനങ്ങാടിയിലെ മക്‌ബൂലിനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. ഈ സംഘത്തിലുൾപ്പെട്ടയാളാണ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ. മക് ബൂലും സുഹൃത്തും കാറിൽ ചാമരാജ് നഗറിലെ സഹോദരന്റെ ജ്വല്ലറിയിലേക്ക് 20 ലക്ഷം രൂപയുമായി പോകുമ്പോഴായിരുന്നു കൊള്ളയടിക്കപ്പെട്ടത്. അമ്പലപ്പടിയിലെ പെട്രോൾ പമ്പിന് സമീപംവെച്ച് മൂന്ന് വാഹനങ്ങളിലെത്തിയ പത്തുപേർ കാർ തടഞ്ഞ് ഇവരെ അവരുടെ കാറിൽ വലിച്ചുകയറ്റിക്കൊണ്ടു പോയി പണം കൊള്ളയടിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഉണ്ണികൃഷ്ണനാണ് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം ഓടിച്ചിരുന്നത്.
കേസിൽ നേരത്തെ ജില്ലക്കാരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ചെറുകുന്നിലെ ആരംഭൻ വീട്ടിൽ കുട്ടപ്പൻ എന്ന ജിജിൻ (35), പരിയാരത്തെ എടച്ചേരി വീട്ടിൽ ആർ. അനിൽകുമാർ(33), പടനിലത്തെ ജിഷ്‌ണ നിവാസിൽ പി.കെ. ജിതിൻ (25), കൂടാളിയിലെ കവിണിശ്ശേരി വീട്ടിൽ കെ. അമൽ(26), പരിയാരത്തെ എടച്ചേരി വീട്ടിൽ അജിത്ത്കുമാർ (33), പള്ളിപ്പൊയിലിലെ പുത്തലത്ത് വീട്ടിൽ ആർ. അഖിലേഷ് (21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.