മണിപ്പൂരിലെ ഹോസ്റ്റലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി; തട്ടിക്കൊണ്ടുപോയവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തു
text_fieldsഗുവാഹത്തി: മണിപ്പൂരിലെ ഹോസ്റ്റലിൽ നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഡി.എം കോളജ് ഓഫ് സയൻസ് ന്യൂ ബോയ്‌സ് ഹോസ്റ്റലിൽ നിന്ന് ലൈഷ്‌റാമിനെ തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയവർ 15 ലക്ഷം രൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിനൽകുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. പിടിയിലായവരിൽ നിന്ന് എ.കെ 47 തോക്കുകളും പിസ്റ്റളും വെടിയുണ്ടകളും 13 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
മണിപ്പൂരിൽ സംഘർഷത്തിനിടെയാണ് സുരക്ഷസേനയിൽനിന്ന് ആയുധങ്ങൾ കവർച്ച ചെയ്യപ്പെട്ടത്. ഇത് പൊലീസിന് തലവേദനയായി തുടരുകയാണ്.
അതിനിടെ, മണിപ്പൂരിലെ കെയ്ബി ഗ്രാമത്തിൽ വംശീയ സംഘർഷത്തിനിടെ ആൾക്കൂട്ടം 55 കാരിയായ നാഗാ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി സി.ബി.ഐ ശനിയാഴ്ച അറിയിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നടന്ന കൊലപാതകത്തിൽ അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഒരു കാറും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. മണിപ്പൂർ സർക്കാരിന്റെ അഭ്യർഥന മാനിച്ച് സി.ബി.ഐ പിന്നീട് ഇവരെ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.