തട്ടിക്കൊണ്ടുപോയി കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍
text_fieldsപാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുതുനഗരം പച്ചത്താണി വീട്ടില്‍ ആഷിഖ് (24) നെയാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കസബ സ്റ്റേഷന് പരിധിയില്‍ ചന്ദ്രനഗറില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലുപേര്‍ കൂടി ഈ കേസില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 28നായിരുന്നു സംഭവം. മന്ദത്ത്കാവ് തണ്ണിശ്ശേരിയില്‍ കടയുടമയെ തട്ടിക്കൊണ്ടുപോയി 50000 രൂപയും 10 പവന് സ്വര്‍ണവും കവര്‍ന്നതാണ് കേസ്. പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ അഫ്സല് (21), മുഹമ്മദ് ആഷിക്ക് (21), നെല്ലിയംപാടം മുഹമ്മദ് യാസിര്‍ (20), വട്ടാരം സ്വദേശി അന്‍സില്‍ റഹ്മാന് (20) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. പുതുനഗരം സ്വദേശികളായ മുഹമ്മദ് അജീഷ്, വിമല്‍കുമാര്‍, ബഷീറുദ്ദീന്, വടവന്നൂര്‍ സ്വദേശി സുരേഷ് എന്നിവരാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്.
കാറിലും ബൈക്കിലുമെത്തിയ സംഘം തണ്ണിശ്ശേരിയിലെ കടയിലേക്ക് പകല്‍സമയത്ത് അതിക്രമിച്ച് കയറി ഉടമയില്‍നിന്ന് മൂന്ന് പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ നവരത്ന മോതിരവും പതിനായിരം രൂപയും തട്ടിയെടുത്തു. കട ഉടമയെ കൈകള്‍ ബന്ധിപ്പിച്ച് കാറില്‍ തട്ടികൊണ്ടുപോയി അന്യായമായി തടവില്‍ വയ്ക്കുകയും മർദിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇയാളുടെ ഭാര്യയില്‍നിന്ന് ആറ് പവന്റെ സ്വര്‍ണവും 20000 രൂപയും കവര്‍ന്നു. പിന്നീട് ഉടമയെ വിട്ടയച്ചെങ്കിലും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി 20000 രൂപ ഓണ്‍ലൈനായി വാങ്ങി. ശല്യംസഹിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസമാണ് ഉടമ സൗത്ത് പോലീസില്‍ പരാതി നല്‍കിയത്.
സമാനമായ അനുഭവങ്ങള്‍ നേരിട്ട് പരാതി നല്കാന് ഭയപ്പെട്ട് കഴിയുന്നവര്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സംഘത്തിന്റെ ഭീഷണിക്ക് ഇരയായവര്‍ പരാതി നല്കിയാല് ശക്തമായ നടപടിയെടുക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.