ബേക്കറി വ്യാപാരിയെ തട്ടിക്കൊണ്ടുപോകൽ; ഒമ്പതു ലക്ഷം കവർന്ന പ്രതികൾ കണ്ണൂരിൽ പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന ബേക്കറി വ്യാപാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഒമ്പതു ലക്ഷം കവർന്ന കാസർകോട് സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പെരുമ്പള കോളിയടുക്കത്തെ അഷറഫ് (24), ബേഡഡുക്ക നെക്രാജെയിലെ യു.എൻ. മുസമ്മിൽ (24) എന്നിവരാണ് അറസ്റ്റിലായത്. ചക്കരക്കല്ല് കമാൽപീടികയിലെ റഫീഖിനെ (55) സെപ്റ്റംബർ അഞ്ചിന് പുലർച്ച തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് കാസർകോട് സ്വദേശികൾ പിടിയിലായത്.
ബംഗളൂരുവിലെ ബേക്കറി വ്യാപാരിയായ റഫീഖ്, കമാൽപീടികയിൽ പുലർച്ച അഞ്ചിന് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകവെ ഇടവഴിയിൽ വെച്ച് ബലമായി പിടിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി പണം അപഹരിക്കുകയും ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. പുലർച്ചയായതിനാൽ കാറിനെ കുറിച്ചോ പ്രതികളെ കുറിച്ചോ പരാതിക്കാരന് ഒന്നും അറിയാൻ സാധിച്ചില്ല.
ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദിന്റെ നേതൃത്വത്തിൽ ഒരുമാസമായി തുടർന്ന പഴുതടച്ച അന്വേഷണത്തിൽ ഞായറാഴ്ച പുലർച്ച പ്രതികളെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. റഫീഖ് പണവുമായി ബംഗളൂരുവിൽനിന്ന് വരുന്നത് പ്രതികൾക്ക് ആരോ ഒറ്റിക്കൊടുക്കുകയായിരുന്നു. ഇതനുസരിച്ചാണ് പ്രതികൾ കാസർകോട്ടുനിന്ന് ചക്കരക്കല്ലിലെത്തി പദ്ധതി നടപ്പാക്കിയത്.
കേസിലെ മുഖ്യപ്രതിയായ മറ്റൊരു കാസർകോട് സ്വദേശിയെ കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറുടമ ഇരിക്കൂർ കല്യാടിലെ സിജോയും അറസ്റ്റിലായിട്ടുണ്ട്. ഷിനോജ് എന്ന പ്രതിയെയും പിടികൂടാനുണ്ട്. 23 കിലോമീറ്റർ ദൂരം വരെ സി.സി.ടി.വി കാമറ പിന്തുടർന്ന് പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ നമ്പർ ലഭിച്ചെങ്കിലും വാടകക്കാറായതിനാൽ പിന്നെയും പ്രതികളിലേക്കെത്താൻ ഏറെ അന്വേഷണം നടത്തേണ്ടിവന്നു.
കണ്ണൂർ എ.സി.പി ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എം.പി. ആസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. നാസർ, പി.കെ. നാസർ, കെ. നിഷാന്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണം കാസർകോട്ടേക്കുകൂടി വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.