നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം തട്ടിയെടുത്ത സംഭവം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകൂത്തുപറമ്പ്: ഗൾഫിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിൽപെട്ട രണ്ടുപേർ അറസ്റ്റിൽ. കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെ പുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടേരിയിലെ മർവാൻ, അമീർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ഗൾഫിൽനിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷറയിൽനിന്നാണ് ക്വട്ടേഷൻ സംഘം ഒരു കിലോയോളം വരുന്ന സ്വർണം തട്ടിയെടുത്തത്.
ഇവരുടെ മകൻ മുഹമ്മദ് മുബാറക്കിനെ തട്ടിക്കൊണ്ടുപോയ സംഘം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബുഷറയിൽനിന്ന് സ്വർണം കൈക്കലാക്കിയത്. പിന്നീട് ഉമ്മയെയും മകനെയും കൂത്തുപറമ്പ് നീറോളി ചാലിലെ ലോഡ്ജിലെത്തിച്ച് ബലമായി താമസിപ്പിക്കുകയായിരുന്നു. യുവതി കൂത്തുപറമ്പിലെ ലോഡ്ജിലുണ്ടെന്ന് മനസ്സിലാക്കിയ കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘം ബുധനാഴ്ച പുലർച്ച മൂന്നോടെ നീറോളിച്ചാലിലെ വിസ്താര ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കടന്ന് ഉമ്മയെയും മകനെയും ആക്രമിക്കുകയും ബാഗുൾപ്പെടെ കൈക്കലാക്കുകയുംചെയ്തിരുന്നു.
സ്വർണക്കടത്തു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനും സംഘർഷത്തിനും കാരണമായത്. നീറോളിച്ചാലിലെ ലോഡ്ജിൽ അക്രമം നടത്തിയ സംഘത്തെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരു സംഭവങ്ങളിലും പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.