തട്ടിക്കൊണ്ടുപോകൽ: ക്വട്ടേഷൻ സംഘാംഗം പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കാറും പണവും മൊബൈൽ ഫോണും കവര്‍ന്ന കാഞ്ഞങ്ങാട്ടെ ക്വട്ടേഷന്‍ കേസിലെ പ്രതികളിൽ ഒരാള്‍ അറസ്റ്റില്‍. മൂന്നുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
അമ്പലത്തറ നെല്ലിത്തറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മുകേഷിനെയാണ് ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ, എസ്.ഐ ശ്രീദാസിന്റെയും നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറായ നെല്ലിത്തറയിലെ ദാമോദരന്‍, തൈക്കടപ്പുറം അഴിത്തലയിലെ ഹരീഷ്, തൈക്കടപ്പുറത്തെ ശ്രീജിത്ത് എന്നിവരെയാണ് പിടികിട്ടാനുള്ളത്.
നീലേശ്വരം തെരുവിലെ കളത്തില്‍ അമ്പാടിയുടെ മകന്‍ ശൈലേഷിനെയാണ് (42) ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ നവംബറില്‍ കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ദമ്പതികളെ ആക്രമിച്ച് വീട് കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘത്തിലെയും അംഗങ്ങളാണ് അറസ്റ്റിലായ മുകേഷും ഒളിവില്‍പോയ നെല്ലിത്തറയിലെ ദാമോദരനും. കാറും പണവും ആഭരണമുൾപ്പെടെ 40 ലക്ഷത്തിന്റെ സാധനങ്ങൾ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിലാണ്.
കഴിഞ്ഞ ജൂലൈ 27നാണ് കാറില്‍ പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ശൈലേഷിനെ നടക്കാവില്‍ നിന്നും കാര്‍ തടഞ്ഞുനിര്‍ത്തി ബലംപ്രയോഗിച്ച് മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോയത്. കാര്‍, സംഘം കൊണ്ടുപോവുകയും ചെയ്തു.
ശൈലേഷിനെ കാറില്‍ കയറ്റിയതിനുശേഷം അകത്തുണ്ടായിരുന്ന ദാമോദരനും മുകേഷും ചേര്‍ന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിച്ച് പണം, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ തട്ടിയെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഗൂഗ്ൾപേ വഴിയും ശൈലേഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. പിന്നീട് ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപയും ശൈലേഷിന്റെ പേരിലുള്ള 32 സെന്റ് സ്ഥലവും എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കാറില്‍ കയറ്റിയ ശൈലേഷിനെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് സംഘം മര്‍ദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.