കിളിയന്തറയിൽ ലഹരി കടത്താൻ പഴുതേറെ
text_fieldsഇരിട്ടി: സംസ്ഥാന അതിർത്തിയിലെ കിളിയന്തറ എക്സൈസ് ചെക് പോസ്റ്റിലെ സംവിധാനത്തിലെ അപാകത ചെക് പോസ്റ്റിനെ നോക്കുകുത്തിയാക്കുന്നു. ചെക്പോസ്റ്റ് എത്തുന്നതിനിടയിൽ രണ്ട് റോഡുകൾ ഉള്ളതിനാൽ ലഹരിക്കടത്ത് സംഘത്തിന് എക്സൈസിന്റെ പരിശോധനകൾ ഒന്നുമില്ലാതെ എന്തും കടത്താമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലേക്ക് എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കൾ എത്തുന്നത്. മാക്കൂട്ടം ചുരം പാതയാണ് പലരും ഇതിനായി തെരഞ്ഞെടുക്കുന്നത്.
കൂട്ടുപുഴ പുതിയപാലം വഴി കേരളത്തിലേക്ക് കടന്നാൽ വലത്തോട്ട് തിരിഞ്ഞൊന്നുപോയാൽ പേരട്ട കോളിത്തട്ട് വഴി ജില്ലയിലെ എവിടെ വേണമെങ്കിലും കടക്കാം. എന്നാൽ, ഇവിടെ എക്സൈസിന്റെ പരിശോധന സംവിധാനങ്ങളില്ല.
കൂട്ടുപുഴ പഴയപാലം ഇപ്പോൾ പൊലീസിന്റെ വാഹന പരിശോധനക്കായി അടച്ചിട്ടിരിക്കുകയുമാണ്. കൂടാതെ കച്ചേരിക്കടവ് വഴി തിരിഞ്ഞുപോയാൽ ചരൽ വഴി വള്ളിത്തോട് കരിക്കോട്ടക്കരി വഴി എടൂരിലേക്ക് എക്സൈസിന്റെ ഒരു പരിശോധനയുമില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാം.
കൂട്ടുപുഴ പാലവും കഴിഞ്ഞ് ഒരു കിലോമീറ്റർ എത്തുമ്പോഴാണ് കിളിയന്തറയിൽ എക്സൈസ് ചെക് പോസ്റ്റ് ഉള്ളത്. 17 ഉദ്യോഗസ്ഥരുണ്ടിവിടെ. പരിശോധനയൊക്കെ തകൃതിയായി നടക്കുന്നുണ്ടെങ്കിലും അനധികൃതമായി കടത്തേണ്ട സാധനങ്ങൾ മറ്റ് വഴിയിലൂടെ പോയിട്ടുമുണ്ടാകും. ഈ എക്സൈസ് ചെക് പോസ്റ്റിന്റെ 100 മീ. പരിധിയിൽ മാത്രമേ ഇവർക്ക് പരിശോധിക്കാൻ അനുമതിയുള്ളൂവത്രേ. കിളിയന്തറയിലെ എക്സൈസിന്റെ വാഹന പരിശോധന കൂട്ടുപുഴ പാലം ഭാഗത്തേക്ക് മാറ്റിയെങ്കിൽ മാത്രമേ ലഹരി ഉൽപന്നങ്ങളുമായി കർണാടകത്തിൽ നിന്ന് എത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാനുള്ള സൗകര്യം ഒരുങ്ങുകയുള്ളൂ. ഇത്തരത്തിലുള്ള സംവിധാനം ഒരുങ്ങിയാൽ മാത്രമേ എം.ഡി.എം.എ പോലുള്ള ലഹരിക്കടത്ത് തടയാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.