കാട്ടാനയെ കൊന്ന് റബ്ബർ തോട്ടത്തിൽ കുഴിച്ചുമൂടി; ഷോക്കടിപ്പിച്ചു കൊന്നുവെന്നാണ് പ്രാഥമിക വിവരം
text_fieldsതൃശ്ശൂർ: ചേലക്കര മുള്ളൂർക്കര വാഴക്കോട്ട് കാട്ടാനയെ കൊന്നു കുഴിച്ചുമൂടി. വാഴക്കോട് സ്വദേശി റോയുടെ റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു. ആനയെ ഷോക്കടിപ്പിച്ചു കൊന്നുവെന്നാണ് പ്രാഥമിക വിവരം.
നാട്ടുകാരിൽ നിന്ന് ലഭിച്ച സൂചനപ്രകാരമാണ് ജില്ലാ വനംവകുപ്പ് പരിശോധന നടത്തിയത്. ജെസിബി ഉപയോഗിച്ചുള്ള പരിശോധനയിൽ ആനയുടെ ജഡം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സ്ഥലമുടമയ്ക്ക് പങ്കുള്ളതായാണ് വനംവകുപ്പ് സംശയിക്കുന്നത്. ആന ശല്യമുള്ള പ്രദേശത്ത് അതു ഒഴിവാക്കുന്നതിനിടെയായിരിക്കാം ആന കൊല്ലപ്പെട്ടതെന്നും കരുതുണ്ട്. ആനയുടെ കൊമ്പ് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ജഡത്തിന് 20 ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. അതിനിടെ സ്ഥലം ഉടമ റോയ് ഒളിവിൽ പോയിരിക്കുകയാണ്.
അതേസമയം, ആനയെ കുഴിച്ചിട്ട സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വേട്ടയെന്ന് സംശയമുണ്ടെന്നം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വൈദ്യുതി ഷോക്കേറ്റ് ചെരിഞ്ഞതെങ്കിൽ വിവരം കൈമാറാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആനയെ കൊന്ന് കുഴിച്ചുമൂടിയതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചതായി മന്ത്രി പറഞ്ഞു. അതിനിടെ, എറണാകുളം മലയാറ്റൂർ ഡിവിഷൻ പരിധിയിൽ നിന്ന് ആനക്കൊമ്പുമായി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.