വൻസമ്പാദ്യം പ്രതീക്ഷിച്ച് കൊല; കിട്ടിയത് 27 പവൻ
text_fieldsകാസർകോട്: ഒറ്റക്കു താമസിക്കുകയായിരുന്ന വയോധികയെ കൊലപ്പെടുത്തിയത് വൻസമ്പാദ്യം പ്രതീക്ഷിച്ചു. പ്രതികൾക്ക് 27 പവൻ സ്വർണമാണ് കിട്ടിയത്. ആയമ്പാറ ചെക്കിപള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനുവരി 17നാണ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നാം പ്രതി അബ്ദുൽ ഖാദര്‍ കുറച്ചുകാലം സുബൈദയുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ജോലിക്ക് നിന്നിരുന്നു.
സുബൈദ ഒറ്റക്ക് താമസിക്കുന്നതും ദേഹത്ത് സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കുന്നതും കണ്ട് ഇവരുടെ വീട്ടില്‍ ധാരാളം സ്വര്‍ണവും പണവും ഉണ്ടാകുമെന്ന് അബ്ദുൽ ഖാദർ തെറ്റിദ്ധരിച്ചു. തുടർന്ന് മറ്റു പ്രതികളുമായി സംഘടിച്ചെത്തി സ്ഥലം നോക്കാനെന്ന വ്യാജേന വീട്ടിലെത്തി സുബൈദയെ കാത്തിരുന്നു. സുബൈദ ബസ് ഇറങ്ങി വരുന്നതുകണ്ട ഇവര്‍ അവരെ പിന്തുടര്ന്നു. സുബൈദ വാതില്‍ തുറന്ന് അകത്തു കടന്നപ്പോള്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻപോയ സുബൈദയെ പ്രതികളും പിന്തുടർന്നു. പിറകെ കയറി ശ്വാസംമുട്ടിച്ച് ബോധം കെടുത്തി കൊലപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു. കവര്‍ച്ച മുതലുകളും കൃത്യം നടത്താന്‍ ഉപയോഗിച്ച രണ്ടുകാറുകളും ആയുധങ്ങളും അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്തു. രണ്ടുസ്വര്ണവളകള്, ഒരുമാല, ഒരു ജോഡി കമ്മല്‍ എന്നിവ കാസര്‍കോട്ടെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. വാടകക്കെടുത്ത രണ്ടുകാറുകളും കസ്റ്റഡിയിലെടുത്തു. കൃത്യം നടന്ന് രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു.
കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ, സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, മാന്യയിലെ കെ. അബ്ദുൽ ഹര്‍ഷാദ്, ബാവ അസീസ് എന്നിവരാണ് പ്രതികൾ.
ഇതിൽ സുള്ള്യ അബ്ദുൽ അസീസ് 2018 സെപ്റ്റംബര്‍ 14ന് ഉച്ചയോടെ സുള്ള്യയിലെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ടു. സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വളരെ വേഗത്തിൽ കണ്ടെത്തിയിരുന്നു. സുള്ള്യ സ്വദേശിയായ അബ്ദുല്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്.
രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുകയാണ്. ഇയാളുടെ കേസ് കോടതി പ്രത്യേകം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.