കിഴിശ്ശേരി ആള്‍ക്കൂട്ട കൊലപാതകം: തുടരന്വേഷണം വേണമെന്ന് പൊലീസ്
text_fieldsഅരീക്കോട്: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് അന്തർ സംസ്ഥാന തൊഴിലാളി മരിച്ച കേസില്‍ തുടരന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
ബിഹാര്‍ മാധവ്പൂര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചിയെ (36) കിഴിശ്ശേരി തവനൂര്‍ ഒന്നാം മൈലില്‍ മുഹമ്മദ് അഫ്സലിന്റെ വീട്ടുമുറ്റത്ത് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് ഇക്കാര്യമറിയിച്ചത്. കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് കൂടുതല്‍ വെളിവാകുന്ന തരത്തില്‍ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഇലക്ട്രോണിക് തെളിവുകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്നും തുടരന്വേഷണമാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ നല്കിയ ഹരജിയില്‍ പറയുന്നു.
ഹരജിയുടെ അടിസ്ഥാനത്തില്‍, വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചതായി മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ടി.ജി വര്‍ഗീസ് അറിയിച്ചു. വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല് (34), വരുവള്ളി പിലാക്കല്‍ ഫാസില്‍ (37), വരുവള്ളി പിലാക്കല്‍ ഷറഫുദ്ദീന് (43), തേര്‍ത്തൊടി മെഹബൂബ് (32), മനയില്‍ അബ്ദുസ്സമദ് (34), പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പ് ഹബീബ് (36), കടുങ്ങല്ലൂര്‍ ചെമ്രക്കാട്ടൂര്‍ പാലത്തിങ്ങല്‍ അയ്യൂബ് (40), തവനൂര്‍ ഒന്നാംമൈല്‍ വിളങ്ങോട്ട് സൈനുല്‍ ആബിദ് (29) എന്നിവരാണ് പ്രതികള്‍. പുതിയ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ നീളാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.