കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം: മൂന്നാം സാക്ഷി കൂറുമാറി
text_fieldsമഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നടപടികൾ ആരംഭിച്ചു. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് മുമ്പാകെയാണിത്. ആദ്യദിവസം തന്നെ കേസിലെ മൂന്നാം സാക്ഷി കൂറുമാറി. തവനൂർ ഒന്നാം മൈൽ സ്വദേശിയായ കുഴിക്കാട്ട്തൊടിക കെ.വി. ജലീലാണ് കൂറുമാറിയത്. ഒന്നും മൂന്നും സാക്ഷികളെയാണ് ആദ്യദിനം വിസ്തരിച്ചത്. രാജേഷ് മാഞ്ചിയെ പ്രതികളുടെ വീട്ടുമുറ്റത്ത് കണ്ടത് മുതൽ സംഭവം അവസാനിക്കുന്നത് വരെ ഉള്ള സംഭവങ്ങൾ കണ്ട സാക്ഷിയായിരുന്നു ജലീൽ.
സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് മുമ്പാകെ ജലീൽ മൊഴി നൽകിയിരുന്നു. എന്നാൽ പൊലീസിന് കൊടുത്ത മൊഴിയും മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും ജലീൽ കോടതിയിൽ മാറിപ്പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയതെന്ന് കോടതിയെ ബോധിപ്പിച്ചു.
ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എന്തുകൊണ്ട് പൊലീസിന് പരാതി നൽകിയില്ലെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ജലീൽ മറുപടി നൽകിയില്ല. മൊഴിമാറ്റിയ ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. സമദ് കോടതിയിൽ ഹരജി നൽകി. ഇത് കോടതി ഫയലിൽ സ്വീകരിച്ചു. ഒന്നാം സാക്ഷി മുതുവല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം എൻ.സി. അഷ്റഫിനെയും വിസ്തരിച്ചു. ഇയാൾ മജിസ്ട്രേറ്റിന് നൽകിയ മൊഴി ആവർത്തിച്ചു.
മറ്റു സാക്ഷികളായ കെ.പി. അഖിൽ, കെ.പി. ജിതിൻ, ദേവദാസ് എന്ന സുര എന്നിവരെ ചൊവ്വാഴ്ച വിസ്തരിക്കും. കേസിൽ 123 സാക്ഷികളാണുള്ളത്. വരുവള്ളിപിലാക്കല്‍ മുഹമ്മദ് അഫ്സല് (34), വരുവള്ളിപിലാക്കല്‍ ഫാസില്‍ (37), വരുവള്ളിപിലാക്കല്‍ ഷറഫുദ്ദീന് (43), തേര്‍ത്തൊടി മെഹബൂബ് (32), മനയില്‍ അബ്ദുസമദ് (34), പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പ് ഹബീബ് (36), കടുങ്ങല്ലൂര്‍ ചെമ്രക്കാട്ടൂര്‍ പാലത്തിങ്ങല്‍ അയ്യൂബ് (40), തവനൂര്‍ ഒന്നാംമൈല്‍ വിളങ്ങോട്ട് സൈനുല്‍ ആബിദ് (29) എന്നിവരാണ് കേസിലെ പ്രതികള്‍.
ഒമ്പത് പ്രതികളില്‍ ഏഴ് പേർ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്. മെഹബൂബിനും സൈനുൽ ആബിദിനും മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. എട്ടാം പ്രതി നാസര്‍ ഹൈകോടതി മുമ്പാകെ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ വിചാരണ നടപടി തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി നാല് മാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് വിചാരണ നടപടികള്‍ വേഗത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.