കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ
text_fieldsകൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു. ശിക്ഷാവിധി നാളെ പറയും. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നിരോധിത സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാൻ, ശംസൂൺ കരീം രാജ, മുഹമ്മദ് അയൂബ് എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
എട്ട് വർഷം ജയിലിൽ കിഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരുന്നത്.
2016 ജൂൺ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിൽ പ്രതികൾ ബോംബ് വെച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പ് കരിംരാജ എത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും പകർത്തിയിരുന്നു. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കരിംരാജ ബോംബുമായി കൊല്ലത്തെത്തി. ഇയാൾ തനിച്ചാണ് ജീപ്പിൽ ബോംബ് വെച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. കേരള പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ആന്ധ്രയിലെ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഫോടക വസ്തു ജീപ്പിൽ വെച്ച ശഷം കരിംരാജ തിരികെ ബസ്സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ, സംഭവത്തിൽ പരിക്കേറ്റവർ, ഈ സമയം കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവർ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേസിലെ സാക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.