കൂടത്തായി കൊല: സാക്ഷിവിസ്താരം പുനരാരംഭിച്ചു
text_fieldsകോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസ് വിചാരണ മാറാട് സ്പെഷൽ കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പുനരാരംഭിച്ചു. ആറാം സാക്ഷി അയൽവാസിയായ മുഹമ്മദ് എന്ന ബാവയുടെ എതിർവിസ്താരമാണ് തുടങ്ങിയത്. റോയ് തോമസിന്റെയും സഹോദരങ്ങളുടെയും കാര്യങ്ങൾ നിയന്ത്രിക്കാൻ അന്നമ്മ തോമസ് തന്നെ ചുമതലപ്പെടുത്തിയിരുന്നില്ല എന്ന് ബാവ മൊഴിനൽകി. താനും റോയിയും പാർട്ണർഷിപ് ബിസിനസ് നടത്തിയിരുന്നു. താൻ ബ്ലൂ ഫിലിം വിൽക്കാറുണ്ടെന്നു റോയ് തോമസ് പറയാറില്ല.
തങ്ങളുടെ കടയിൽ പൊലീസ് റെയ്ഡ് ചെയ്തിട്ടില്ലെന്നും അതുകൊണ്ടാണ് പങ്കുകച്ചവടത്തിൽ നിന്നും ഒഴിവായത് എന്നുപറഞ്ഞാൽ ശരിയല്ല. വിവാഹം കഴിഞ്ഞതുമുതൽ ജോളിയെ അറിയാം. മനസമ്മതത്തിന് താൻ കട്ടപ്പന പോയിട്ടുണ്ട്. ജോളിയെപ്പറ്റി എല്ലാ കാര്യങ്ങളും റോയ് തന്നോട് പങ്കുവെക്കാറുണ്ടായിരുന്നു എന്ന പ്രതിഭാഗം വാദം ബാവ നിഷേധിച്ചു. റോയ് ചെയ്ത ബിസിനസിൽ ഇടപെടാൻ റോയിയുടെ മാതാപിതാക്കൾ തന്നോട് പറഞ്ഞിട്ടില്ല. മരണപ്പെട്ട ദിവസം റോയ് കാലത്തു തൃശൂർ പോയെന്നും വൈകീട്ട് തിരിച്ചുവന്ന് ഒരു വീട്ടിൽനിന്ന് കപ്പക്കറി കഴിച്ചുവെന്നും തന്നോട് റോയ് പറഞ്ഞിട്ടില്ല.
മരണപ്പെട്ട ദിവസം രാത്രി എട്ടുമണി വരെ റോയ് കറങ്ങി നടന്നു എന്നുപറഞ്ഞാൽ ശരിയല്ല. അന്ന് വൈകീട്ട് അഞ്ചിന് താൻ റോയിയുമായി സംസാരിച്ചിരുന്നു. റോയിക്ക് എന്തെങ്കിലും വിഷമമുള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നും ബാവ മൊഴി നൽകി. ബാവയുടെ എതിർവിസ്താരം ചൊവ്വാഴ്ചയും തുടരും. ഒന്നാം പ്രതി ജോളിക്കുവേണ്ടി അഡ്വ. ബി.എ. ആളൂർ എതിർവിസ്താരം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.