കൊട്ടിയൂർ പീഡനക്കേസ്: റോബിൻ വടക്കുംചേരിയുടെ തടവുശിക്ഷയിൽ ഇളവ്
text_fieldsകൊച്ചി: കൊട്ടിയൂർ പീഡനക്കേസ് പ്രതിയും മുൻ വൈദികനുമായ റോബിൻ വടക്കുംചേരിക്ക് വിചാരണ കോടതി വിധിച്ച തടവുശിക്ഷയിൽ ഇളവ്. 20 വർഷത്തെ തടവുശിക്ഷ 10 വർഷമായാണ് ഹൈകോടതി കുറച്ചത്. വിചാരണ കോടതി വിധിക്കെതിരെ റോബിൻ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.
സ്ഥാപന മേലധികാരിയെന്ന നിലയിൽ റോബിൻ വടക്കുംചേരി തടഞ്ഞുവെച്ച് പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശിക്ഷയിൽ കോടതി ഇളവ് നൽകിയത്. എന്നാൽ, റോബിനെതിരായ പോക്സോ വകുപ്പും ബലാത്സംഗ കുറ്റവും നിലനിൽക്കുമെന്നും ഹൈകോടതി വ്യക്തമാക്കി.
2016 േമയിൽ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരിയായിരിക്കെ പള്ളിമേടയില്‍ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് റോബിൻ വടക്കുംചേരിക്കെതിരായ കേസ്. എന്നാൽ, പരസ്പര സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്നാണ് റോബിൻ വടക്കുംചേരി കോടതിയിൽ വാദിച്ചത്.
കേസില്‍ മൂന്ന് വകുപ്പുകളിലായി 60 വര്‍ഷത്തെ കഠിനതടവാണ് റോബിന്‍ വടക്കുംചേരിക്ക് തലശേരി പോക്‌സോ കോടതി വിധിച്ചത്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. 20 വർഷത്തെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇരയേയും കുഞ്ഞിനെയും സംരക്ഷിക്കാമെന്ന് റോബിന്‍ ഹൈകോടതിയിൽ വാദിച്ചുവെങ്കിലും വിചാരണകോടതിയുടെ ശിക്ഷ ശരിവെക്കുകയാണ് ചെയ്തത്.
പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി റോബിൻ വടക്കുംചേരി നൽകിയ ഹരജി നേരത്തെ കേരള ഹൈകോടതി നേരത്തെ തള്ളിയിരുന്നു. കഠിനതടവിനും പിഴക്കും ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന റോബിൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് അന്ന് തള്ളിയത്. ലൈംഗിക കുറ്റകൃത്യങ്ങളിൽ ഒത്തുതീർപ്പോ ദയാപരമായ സമീപനമോ സാധ്യമല്ലെന്ന് വിലയിരുത്തിയായിരുന്നു ഉത്തരവ്.
കത്തോലിക്ക വൈദികനെ വിവാഹം ചെയ്ത് തന്റെ കുഞ്ഞിന്റെ പിതൃത്വത്തിന് നിയമസാധുത നൽകണമെന്ന ഇരയുെട ആവശ്യവും സുപ്രീംകോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.