കൊടും കുറ്റവാളികളുടെ അറസ്റ്റ്; ഞെട്ടി കോഴഞ്ചേരി
text_fieldsകോഴഞ്ചേരി: ആറ് കൊലപാതകം ഉൾപ്പെടെ തമിഴ്നാട്ടിലെ 30 ക്രിമിനൽക്കേസിലെ പ്രതികളായ സഹോദരങ്ങൾ കോഴഞ്ചേരിയിൽനിന്ന് അറസറ്റിലായ സംഭവത്തിൽ ഞെട്ടി ജനം. നാടുവിട്ട് മാതാപിതാക്കൾക്കൊപ്പം ഒളിവിൽ താമസിക്കുമ്പോഴും ഇരുവരും തെക്കേമല, കോഴഞ്ചരി പ്രദേശങ്ങളിൽ ലോട്ടറി വിൽപനക്കാരായിരുന്നു.
റോഡരികിലും വീടുകയറിയും ഇവർ കേരള ലോട്ടറികൾ കച്ചവടം നടത്തിയിരുന്നു. അറസ്റ്റിലായ തമിഴ്നാട് തിരുനെൽവേലി പള്ളി കോട്ടൈ നോർത്ത് സ്ട്രീറ്റിൽ പള്ളികോട്ടെ മാടസ്വാമി (27), സഹോദരൻ സുഭാഷ് (ഊട്ടി ശെമ്മാരി -25) എന്നിവർ ആറുമാസമായി തെക്കേമലയിൽ എത്തിയിട്ട്. ഈ കാലയളവിൽ ഇവരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
നാല് വർഷമായി ഇവരുടെ മാതാപിതാക്കൾ തെക്കേമലയിലും കോഴഞ്ചേരിയിലുമായി വാടകക്ക് താമസിക്കുകയാണ്. ആറന്മുള പൊലീസിന്റെ അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഇവർ കുടുങ്ങിയത്. ഏതാനും ലോട്ടറി ടിക്കറ്റുമായി തേക്കേമലയിലെ റോഡരികിൽ നിൽക്കുകയായിരുന്ന മാടസ്വാമിയുടെയും സുഭാഷിന്റെയും പെരുമാറ്റത്തിൽ കാര്യമായ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി. നായർ, നാസർ ഇസ്മായിൽ എന്നിവർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റവാളികളുടെ ചരിത്രം ചുരുളഴിഞ്ഞത്.
ചോദ്യം ചെയ്യലിൽ ഇരുവരും പരസ്പര വിരുദ്ധമായി മറുപടി നൽകിയതും സംശയം ഇരട്ടിപ്പിച്ചു. ഇതിനിടെ ഇവരുടെ മാതാപിതാക്കളും സ്റ്റേഷനിലേക്കെത്തി. വിലാസത്തിൽനിന്ന് സ്വദേശം തിരുനെൽവേലിയാണെന്ന് ബോധ്യമായപ്പോൾ തമിഴ്നാട് പൊലീസുമായും ബന്ധപ്പെട്ടു. മാടസ്വാമിയും സുഭാഷും ഉൾപ്പെട്ട ക്രിമിനൽക്കേസുകളുടെ പട്ടിക ആറന്മുള പൊലീസിനെയും അമ്പരിപ്പിക്കുന്നതായിരുന്നു.
ഇവർ പിടിയിലായ വിവരം അറിഞ്ഞ് ശനിയാഴ്ച രാത്രിതന്നെ പുറപ്പെട്ട തിരുനെൽവേലിയിൽനിന്നുള്ള പൊലീസ് സംഘം ഞായറാഴ്ച രാവിലെ ഇവരെ കൊണ്ടുപോയി. ശക്തമായ സുരക്ഷയിൽ വാനിലാണ് സഹോദരങ്ങളെ തമിഴ്നാട്ടിലേക്ക് എത്തിച്ചത്.
തെക്കേമലയും ഒളിവുകേന്ദ്രമാകുന്നു
പതിറ്റാണ്ടുകളായി തെക്കേമലയിൽ തമ്പടിച്ച തമിഴ് തൊഴിലാളികൾ നാട്ടിലൊരു പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളുടെ വരവിന് മുമ്പ് നാട്ടുകാർ ഈ മേഖലയിൽ എത്തിയാണ് തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. പ്രധാനമായും ആക്രിസാധനങ്ങൾ പെറുക്കി വിറ്റാണ് തമിഴ് കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. ഇവർക്ക് നൽകുന്ന വാടകവീടുകൾ പ്രദേശത്തെ ജനങ്ങളുടെ വരുമാന മാർഗംകൂടിയാണ്. തമിഴ്നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായതോടെ തമിഴരുടെ വരവ് കുറഞ്ഞു.
ഇതിനിടെ ഈ വീടുകൾ കേന്ദ്രീകരിച്ച് കുറ്റവാളികൾ തങ്ങാറുണ്ടെന്ന വിവരവും മേഖലയിൽ കുറ്റവാളികൾക്ക് ഒളിച്ചുതാമസിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഒരിക്കൽക്കൂടി തെളിയിക്കുകയാണ് തമിഴ്നാട് സ്വദേശികളുടെ അറസ്റ്റോടെ പുറത്തായത്. പഞ്ചായത്തിൽതന്നെ ഏറ്റവും കൂടുതൽ വീടുകൾ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലൊന്നാണ് തെക്കേമല. ഇവിടെ പുതുതായി പണിതതും ഉടമസ്ഥർ സ്ഥലത്ത് ഇല്ലാത്തതുമായ വീടുകളും വാടകക്ക് നൽകാൻ ഏജന്റുമാരെ ഏൽപിച്ചിരിക്കുകയാണ്. വർഷങ്ങളായി വിദേശത്തുള്ള വീട്ടുടമകൾ നിയമങ്ങൾ പാലിച്ചാണോ അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തിൽ കോഴഞ്ചേരി പഞ്ചായത്തിൽ നിരവധി വീടുകളിൽ അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിച്ചു വരുകയാണ്.
വാടക നൽകുന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ മാത്രമാണ് ഉടമസ്ഥർ ചോദിക്കുക. ജില്ലയിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് കാര്യമായി നടക്കാത്തതും ഏജന്റുമാരും വീട് ഉടമകളും വിവരങ്ങൾ നൽകാത്തതും പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. വാടകക്ക് താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങൾ സ്റ്റേഷനിൽ കൈമാറാത്ത ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇടക്കിടെ പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.