കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസ് പിടിയിൽ
text_fieldsകോട്ടയം: വൈദ്യുതി കണക്ഷൻ നൽകാനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഓവർസിയർ വിജിലൻസ് പിടിയിൽ. കെ.എസ്.ഇ.ബി കുറവിലങ്ങാട് സെക്ഷൻ ഓഫിസിലെ ഓവർസിയർ തലയോലപ്പറമ്പ് കീഴൂർ മുളക്കുളം മണ്ണാറവേലിയിൽ എം.കെ. രാജേന്ദ്രനെയാണ് (51) കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്.
കുറവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വീട്ടിലെ താൽക്കാലിക കണക്ഷൻ സ്ഥിരമാക്കി നൽകാനാണ് ഓവർസിയർ പണം ആവശ്യപ്പെട്ടത്. നിർമാണാവശ്യത്തിന് നൽകിയ കണക്ഷൻ സ്ഥിരപ്പെടുത്താനായി ഈ മാസം 14നാണ് സെക്ഷൻ ഓഫിസിൽ അപേക്ഷ നൽകിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതോടെ തിങ്കളാഴ്ച ഇവർ ഓവർസിയറെ വീണ്ടും സമീപിച്ചു.
താൽക്കാലിക കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് സ്ഥലം സന്ദർശിക്കണമെന്ന് പറഞ്ഞ രാജേന്ദ്രൻ, 10000 രൂപ നൽകിയാൽ അടുത്തദിവസം തന്നെ വീട്ടിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യം പ്രവാസിയുടെ പിതാവ് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം ഇവർ പണം നൽകാമെന്ന് രാജേന്ദ്രനെ അറിയിച്ചു.
ബുധനാഴ്ച പ്രവാസിയുടെ വീട്ടിലെത്തിയ ഇദ്ദേഹം താൽക്കാലിക കണക്ഷൻ സ്ഥിരമാക്കി മാറ്റി നൽകി. തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ വിജിലൻസ് നൽകിയ തുക കൈമാറി. ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച ഉച്ചക്ക് 1.30ന് അറസ്റ്റ് രേഖപ്പെടുത്തി. വിജിലൻസ് ഡിവൈ.എസ്.പി നിർമൽ ബോസ്, ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്, മനു വി. നായർ, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, പ്രദീപ്, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.