കുറുവ സംഘങ്ങൾക്ക് പിന്നാലെ സാമൂഹിക വിരുദ്ധരും; ഉറക്കം നഷ്ടമായി നാട്ടുകാർ
text_fieldsമണ്ണഞ്ചേരി: കുറുവ സംഘങ്ങൾക്ക് പിന്നാലെ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സാമൂഹികവിരുദ്ധരും. രാത്രിയുടെ മറവിൽ കുറുവ സംഘമെന്ന് തോന്നിക്കുന്ന വിധം വേഷമണിഞ്ഞാണ് ഇവർ വീടുകളിലെത്തുന്നത്. തലയിൽ തോർത്തിട്ട്, പ്രത്യേക രീതിയിൽ വസ്ത്രം ധരിച്ച് കൈയിൽ വടിയുമായും മറ്റുമാണ് ഇവർ ഇറങ്ങുന്നത്. പൊന്നാട് മനയത്തുശ്ശേരി ഭാഗത്താണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ ഇങ്ങനെ ഒരാൾ ആദ്യം ഇറങ്ങിയത്. ഇയാളുടെ രൂപം സി.സി ടി.വിയിൽ പതിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരും ഓട്ടോറിക്ഷക്കാരുമടക്കം പലരും ഇയാളെ കണ്ടതായി പറഞ്ഞത്. കണ്ടവർ ഭയന്ന് വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഹരിക്ക് അടിമയായ വ്യക്തിയാണെന്ന് പിന്നീട് കണ്ടെത്തി.
ഞായറാഴ്ച രാത്രി സമാനമായ സംഭവം അമ്പനാകുളങ്ങരയിലും ഉണ്ടായി. സാധാരണ രീതിയിൽ വസ്ത്രം ധരിച്ചെത്തിയ ഇയാൾ നാലു വീടുകളിൽ മതിലിനുള്ളിൽ കയറുകയും ഒരു വീട്ടിലെ ജനൽചില്ല് പൊട്ടിക്കുകയും ചെയ്തു. ഇയാളുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ യുവാവാണെന്ന് കണ്ടെത്തുകയും ചെയ്തു. ലഹരിക്ക് അടിമപ്പെട്ട് ചെയ്തതാണെന്ന് എസ്.ഐ കെ.ആർ. ബിജു പറഞ്ഞു. ഒളിവിൽ പോയ ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. കുറുവ കള്ളന്മാരുടെ മറവിൽ നാട്ടുകള്ളന്മാരും സാമൂഹികവിരുദ്ധരും പ്രദേശത്ത് വ്യാപകമായതോടെ നാട്ടുകാരുടെയും പൊലീസിന്റെയും സ്വസ്ഥത നഷ്ടപ്പെട്ട അവസ്ഥയിലാണ്.
കുറുവ മോഷ്ടാക്കളാണെന്ന് ധരിച്ച് രാത്രി വീടിന്റെ പുറത്ത് ചെറിയ ശബ്ദം കേട്ടാൽ പോലും പൊലീസിനെ വിളിക്കുന്നവരുടെ എണ്ണം ഏറിയതോടെ പൊലീസും പെടാപാടിലാണ്. യഥാർഥ മോഷ്ടാക്കൾ വന്നാലും ഗൗരവം കിട്ടാത്ത സാഹചര്യം ഇതുമൂലം ഉണ്ടാകുന്നുണ്ട്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ജാഗ്രത സമിതികൾ പൊലീസിന്റെ സഹായത്തോടെ ഉറക്കമിളിച്ച് മോഷ്ടാക്കളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. എന്നാൽ മണ്ണഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്ന് പൊലീസ് പിടിയിലായ കുറുവ സംഘാംഗം സന്തോഷ് ശെൽവത്തിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപത്രിക്കായി പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.