യു.കെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsഇരിട്ടി: യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളിൽനിന്ന് പണം തട്ടിയ കർണാടക സ്വദേശിനി പിടിയിൽ. ഉപ്പിനങ്ങാടി കുപ്പട്ടിയിലുള്ള മജ്ജേ വീട്ടിൽ മിനിമോൾ മാത്യുവാണ് (58) പിടിയിലായത്. തൃശൂർ കുണ്ടൻചേരിയിലെ വാടക വീട്ടിൽനിന്നാണ് ഇവരെ ഉളിക്കൽ ഇൻസ്പെക്ടർ സുധീർ കല്ലനും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ആറളം, ഉളിക്കൽ സ്റ്റേഷനിൽ ഇവർക്കെതിരെ ബന്ധുക്കൾ നൽകിയ പരാതി പ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് മിനിമോൾ പിടിയിലായത്. പൊലീസ് എത്തിയവിവരം അറിഞ്ഞ കൂട്ടുപ്രതിയായ മകൾ ശ്വേത ഒളിവിൽ പോയിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നതായും ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കണ്ണൂർ ജില്ലയിൽത്തന്നെ ആറളം, ഉളിക്കൽ, ശ്രീകണ്ഠപുരം സ്റ്റേഷനുകളിൽ ഇവർക്കെതിരെ 40 ലക്ഷത്തോളം രൂപ കബളിപ്പിച്ചതായാണ് ബന്ധുക്കൾ പരാതി നൽകിയത്. സമാനമായ തട്ടിപ്പിൽ കോട്ടയത്തും തൃശൂരും ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മംഗളൂരു ഭാഗത്ത് ഇവർക്കെതിരെ നാല് തട്ടിപ്പ് കേസുകളാണുള്ളത്. കർണാടകയിലെ വീട്ടിൽനിന്ന് തൃശൂരിലേക്ക് താമസം മാറിയ ഇവർ സമാന രീതിയിലുള്ള തട്ടിപ്പാണ് ഇവിടെയും ആസൂത്രണം ചെയ്തത്.
രണ്ടുലക്ഷം രൂപയോളം ശമ്പളം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് ബാങ്ക് വഴി പലപ്പോഴായി പണം കൈപ്പറ്റിയ ഇവർ വിസ നൽകാതെ വന്നതോടെ ബന്ധുക്കൾ കർണാടകയിലെ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും അവിടെനിന്നും വീടുമാറി പോയിരുന്നു. പിന്നീടാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണ സംഘത്തിൽ ഉളിക്കൽ എസ്.ഐ സതീശൻ, ആറളം ഇസ്പെക്ടർ പ്രേമരാജൻ, സി.പി.ഒ സുമതി എന്നിവരും അംഗങ്ങളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.