വൻ ലാഭം വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; നാലുപേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: നിക്ഷേപത്തിന് വൻ ലാഭം വാഗ്ദാനം ചെയ്ത് കാഞ്ഞങ്ങാട് സ്വദേശിയിൽ നിന്ന് പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ നാലുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തൃക്കാക്കരയിലെ റിങ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ ജയ്സൺ ജോയ് അറയ്ക്കൽ, ജീന മോൾ, സി.ഇ.ഒ ജയ്സൺ അറയ്ക്കൽ ജോയ്, മാനേജർ ഷിനോജ് ഷംസുദ്ദീൻ എന്നിവർക്കെതിരാണ് കേസ്.
പടന്നക്കാട് കുതിരുമ്മൽ ചോയി വളപ്പിൽ ഹൗസിൽ സി.എൻ. ജനീഷിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴിയാണ് നിക്ഷേപത്തിന് വൻ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.
3.30 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 50,000 രൂപയും രണ്ട് ജീവനക്കാർക്ക് 25,000 രൂപ വീതം ശമ്പളവും 10,000 രൂപ മുറി വാടകയും നൽകുമെന്നായിരുന്നു വാഗ്ദാനം.
ഇതേ തുടർന്ന് ജിനീഷ് 2022 ജൂലൈ 26ന് പടന്നക്കാട് കേരള ഗ്രാമീൺ ബാങ്ക് വഴി 3.30 ലക്ഷം രൂപ നൽകുകയായിരുന്നു. നൽകിയ തുകയോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.