കെ.എസ്.ഇ.ബിയുടെ പേരിൽ സന്ദേശമയച്ച് അജ്ഞാത സംഘങ്ങൾ തട്ടിയത് ലക്ഷങ്ങൾ
text_fieldsപാലക്കാട്: കെ.എസ്.ഇ.ബിയുടെ പേരിൽ വ്യാജസന്ദേശമയച്ചു അജ്ഞാത സംഘങ്ങൾ തട്ടിയത് ലക്ഷങ്ങൾ. ബോർഡിന്റെ വെബ്സൈറ്റിൽനിന്ന് ഫോൺ നമ്പർ ഉൾപ്പെടെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ പണം തട്ടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പണം നഷ്ടപ്പെട്ടതായി ജില്ല പൊലീസിൽ നൂറോളം പരാതികളാണ് ലഭിച്ചത്. ജില്ല സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
50,000 രൂപവരെ പലർക്കും നഷ്ടമായി. അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിൽ. കെ.എസ്.ഇ.ബി സൈറ്റിലെ പഴുതുകൾ മുതലെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയത്. ബോർഡിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച്, കൺസ്യൂമർ നമ്പർ നൽകേണ്ടയിടത്ത് തട്ടിപ്പുസംഘം ഏതെങ്കിലും നമ്പർ നൽകും. മുന്നിൽ വരുന്ന ഉപഭോക്താവിന്റെ ഫോൺ നമ്പർ ഉൾപ്പെടെ വിവരങ്ങൾ ചോർത്തും. ഉപഭോക്താവ് എന്നു പണമടക്കണം, പണമടച്ചില്ലെങ്കിൽ എന്നു കണക്ഷൻ റദ്ദാക്കും തുടങ്ങിയ വിവരങ്ങൾ മനസ്സിലാക്കും. പിന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിളിക്കും. ബില്ലിൽ പിഴവ് സംഭവിച്ചെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്നും അറിയിക്കും. പിന്നീട് മൊബൈലിൽ പണമടക്കാനുള്ള ലിങ്ക് ഉൾപ്പെടെ എസ്.എം.എസ്. അയക്കും. ലിങ്കിലൂടെ പണമടക്കുന്നതോടെ പണം തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടിലെത്തും.
അന്വേഷണത്തിന്റെ ഭാഗമായി ജില്ല സൈബർ പൊലീസ് അസമിലും അരുണാചൽപ്രദേശിലും പോയെങ്കിലും പ്രതികളുടെ ഒളിത്താവളങ്ങൾ കണ്ടെത്താനായില്ല. ബാങ്കുകളുടെ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് തട്ടിപ്പ് സംഘത്തിലെ പലരുടേയും അക്കൗണ്ട് മരവിപ്പിക്കാൻ കഴിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. തട്ടിപ്പു സംഘം ഉണ്ടാക്കിയ പല വ്യാജ വെബ്സൈറ്റുകളും പൊലീസ് ബ്ലോക്ക് ചെയ്തു. തട്ടിപ്പുകളെ തുടർന്ന് കെ.എസ്.ഇ.ബി വെബ്സൈറ്റിൽ കൂടുതൽ സുരക്ഷ ഒരുക്കി. ഉപഭോക്താവിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ നീക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, പരാതി നൽകാൻ വൈകിയ നിരവധി പേർക്ക് പണം പോയി. സൈബർ പൊലീസ് ഇടപെട്ട്, രണ്ട് ലക്ഷത്തിലേറെ രൂപ തിരികെ പിടിച്ചു. 30ലേറെ പേർക്കാണ് പണം തിരിച്ചുകിട്ടിയത്. കൃത്യസമയത്ത് പരാതി നൽകിയതുകൊണ്ടാണ് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് പൊലീസിന് പണം തിരിച്ചുപിടിച്ചുനൽകാനായത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സൈബർ പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.