ലോൺ ആപ് വഴി തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് ജില്ല പോലീസ് മേധാവി
text_fieldsകൽപറ്റ: നിയമവിധേയമല്ലാത്ത വായ്പ ആപ് വഴി നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ ജില്ലയിൽ വ്യപകമാവുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ .
വിദേശ ബന്ധങ്ങൾ ഉള്ള കമ്പനികൾ വിവിധ സംസഥാനത്തുള്ള ജീവനക്കാരെ നിയമിച്ചുകൊണ്ടും വ്യാജ സിം കർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്. റിസർവ് ബാങ്കിെൻറ അനുമതിയില്ലാതെ ഇന്റർനെറ്റ് വഴിയും സാമൂഹിക മാധ്യമ ആപ്പുകൾ വഴിയും പരസ്യം ചെയ്താണ് തട്ടിപ്പിന് ഇരകളെ കണ്ടെത്തുന്നത്.
മൊബൈൽ ഫോണിൽ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ വായ്പ എടുക്കാൻ ശ്രമിക്കുന്ന ആളുടെ ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിൽ ആവുന്നു. തുടർന്ന് ഫോണിലെ കോൺടാക്ട്, സ്വകാര്യ ഫയലുകൾ തുടങ്ങിയ വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു. ഒരുവിധ ഈടും ഇല്ലാതെയാണ് തട്ടിപ്പ് സംഘം ചെറിയ തുകകൾ ആവശ്യക്കാരെൻറ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്.
ഇങ്ങനെ ലഭിക്കുന്ന തുക തട്ടിപ്പുകാരുടെ ഭീമമായ സർവിസ് ചാർജ് കഴിച്ചുള്ള നാമ മാത്രമായ തുക ആയിരിക്കും. ഏതാനും ദിവസത്തേക്കു മാത്രം തിരിച്ചടവ് കാലാവധിയുള്ള ഈ വായ്പ തുകയുടെ പലിശ രാജ്യത്തെ നിലവിലെ പലിശയുടെ പതിന്മടങ്ങ് ആണ്. നിശ്ചിത കാലാവധിക്ക് ഉള്ളിൽ തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ വീണ്ടും മറ്റു ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തു വീണ്ടും വായ്പ എടുക്കാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുകയും അതിൽനിന്ന് ലഭിക്കുന്ന പണം പഴയ ലോൺ ക്ലോസ് ചെയ്യാനുമാണ് അവർ ഉപയോഗിക്കുന്നത്.
ഇങ്ങനെ കുറഞ്ഞ സമയംകൊണ്ട് വായ്പ എടുത്തവരെ ഭീമമായ കടക്കണിയിലേക്കു തള്ളിയിട്ടു വായ്പ തിരിച്ചടക്കാനായി തുടർച്ചയായി ഫോൺ കാൾ വഴിയും വാട്സ്ആപ് വഴിയും ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തിരിച്ചുപിടിക്കുന്നത്.
ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലഭിക്കുന്ന പെർമിഷൻ വഴി തട്ടിപ്പുകാർ കരസ്ഥമാക്കുന്ന ഫോണിലെ കോൺടാക്ട് നമ്പറുകൾ ഉപയോഗിച്ച് വായ്പ എടുത്തയാളുടെ സുഹൃത്തുക്കളെ വിളിച്ചും അവരെ ഉൾപ്പെടുത്തി സോഷ്യൽ മീഡിയയിൽ അശ്ലീല ഗ്രൂപ്പുകൾ നിർമിച്ചും വായ്പ എടുത്തയാളുടെ മോർഫ് ചെയ്ത ഫോട്ടോ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചും വായ്പ എടുത്തയാളെ മോശക്കാരനാക്കിയുമാണ് സമ്മർദത്തിൽ ആക്കുന്നത്.
ജനങ്ങൾ വായ്പ്പക്കായി അംഗീകൃത ഏജൻസികളെ സമീപിക്കേണ്ടതും അനാവശ്യ മൊബൈൽ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും പൊലീസ് മേധാവി വ്യക്തമാക്കി. ഫോണിെൻറ നിയന്ത്രണം നഷ്ടപ്പെട്ടതായി സംശയം തോന്നിയാൽ ഫോൺ ഫോർമാറ്റ് ചെയ്തു ഉപയോഗിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഭീഷണി ഉണ്ടെങ്കിൽ സൈബർ പൊലീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.