വീട്ടമ്മയുടെ പേരിൽ വായ്പതട്ടിപ്പ്; യുവതി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: വായ്പയുടെ പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതിയടക്കം നാലുപേർ അറസ്റ്റിൽ. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾ ഭാഗത്ത് മഴുവഞ്ചേരിൽ വീട്ടിൽ അമൽ.എം.വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിന് സമീപം കൂവപ്പാടം വീട്ടിൽ മനോ.കെ. മണികണ്ഠൻ (25) എന്നിവരാണ് പിടിയിലായത്. മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വീട്ടമ്മയുടെ പേരിൽ 1,58,000 രൂപയുടെ വ്യക്തിഗത വായ്പയാണ് തട്ടിപ്പ് സംഘം തരപ്പെടുത്തിയത്. വീട്ടമ്മക്ക് 50,000 രൂപ മാത്രമായിരുന്നു ആവശ്യം. വീട്ടമ്മയുടെ ആധാർ, പാൻ കാർഡ് എന്നിവ വാങ്ങിയെടുത്തശേഷമാണ് വായ്പ നേടിയത്.
ബാക്കി തുക തങ്ങൾ അടച്ചോളാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും വീട്ടമ്മ പറഞ്ഞു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസൽ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ്, തോമസ് ജോസഫ്, സിനിൽ കുമാർ, എ.എസ്.ഐ മാരായ സജി പി.സി, രാജേഷ് ഖന്ന, സി.പി.ഒമാരായ ഡെന്നി, അനീഷ്, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാലു പേരെയും കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.