പ്രണയാഭ്യർഥന നിരസിച്ചു; കാമ്പസിനുള്ളിൽ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി
text_fieldsബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ കോളജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കൗൺസിലറുടെ മകളെ സുഹൃത്ത് കൊലപ്പെടുത്തി. കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹ ഹിരേമത്താണ് (23) കൊല്ലപ്പെട്ടത്. ഹുബ്ബള്ളിയിലെ ബി.വി.ബി കോളജ് ഒന്നാം വർഷ മാസ്റ്റേഴ്സ് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിദ്യാർഥിനിയാണ് നേഹ. വ്യാഴാഴ്ച നടന്ന സംഭവത്തിൽ പ്രതിയായ ഫയാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
മുഖംമൂടി ധരിച്ച് കോളജിലെത്തിയ ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കോളജ് അധികൃതരും മറ്റ് വിദ്യാർഥികളും ചേർന്ന് നേഹയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയാസിന്റെ പ്രണയാഭ്യർത്ഥന നേഹ നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി നേഹയെ നിരന്തരമായി പിന്തുടർന്നിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം. ഏഴ് തവണയാണ് ഫയാസ് നേഹയെ കുത്തിയതെന്നും ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ഫയാസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
അതേസമയം, നേഹയുടെ കൊലപാതകത്തിൽ പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.