അനുവാദമില്ലാതെ സമൂസ എടുത്തയാളെ കൊലപ്പെടുത്തിയ കേസിൽ കടയുടമയും മകനും അറസ്റ്റിൽ
text_fieldsഭോപാൽ: കടയിൽ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കുകയും അനുവാദമില്ലാതെ സമൂസ എടുക്കുകയും ചെയ്തയാളെ കൊലപ്പെടുത്തിയ കേസിൽ കടയുടമയും മകനും അറസ്റ്റിൽ. മധ്യപ്രദേശിലെ ചോല മേഖലയിലാണ് സംഭവം. ശങ്കർ നഗർ സ്വദേശിയായ വിനോദ് അഹിർവാസാണ് മരിച്ചതെന്ന് ചോല എസ്.എച്ച്.ഒ അനിൽ സിങ് മൗര്യ അറിയിച്ചു. കേസിൽ ചായക്കട ഉടമയായ ഹരി സിങ് അഹിർവാർ, മകൻ സീതാറാം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച വ്യക്തിയുടെ അമ്മയുടെ പരാതിയിന്മേലാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മദ്യപിച്ചെത്തിയ വിനോദ് ചായക്കടയിൽ നിന്ന് സമൂസ എടുത്ത് കഴിച്ചതിനെ തുടർന്നുണ്ടായ അടിപിടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. അടിപിടിക്കിടെ ഹരിക്ക് നേരെ വിനോദ് പാത്രം എറിഞ്ഞതിൽ പ്രകോപിതനായ സീതാറാം ചട്ടികൊണ്ടും വടികൊണ്ടും മർദ്ദിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിനോദിന്റെ തലയിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടനെ അയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയെങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ അറസ്റ്റിലാവുകയായിരുന്നു.
വിനോദുമായി തങ്ങൾക്ക് വ്യക്തിപരമായ ശത്രുതയില്ലെന്നും അനാവശ്യമായി കടയിൽ കയറി ബഹളമുണ്ടാക്കിയതാണ് തങ്ങളെ പ്രകോപിക്കാന്‍ കാരണമായതെന്നും പ്രതികൾ വെളിപ്പെടുത്തി. ചായപ്പാത്രവും വടിയും ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.