ഫീസിനത്തിൽ വാങ്ങിയ 2.70 കോടി രൂപ മതസ്ഥാപനങ്ങളിലേക്ക് വകമാറ്റി; ജബൽപുരിൽ ബിഷപ് അറസ്റ്റിൽ
text_fieldsജബൽപുർ: സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ജബൽപുർ രൂപത ബിഷപ് പി.സി. സിങ്ങിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച വിദേശത്തുനിന്നെത്തിയ ബിഷപ്പിനെ മഹാരാഷ്ട്രയിലെ നാഗ്പുർ വിമാനത്താവളത്തിൽ നിന്ന് മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ ജബൽപുരിലെ വസതിയിൽ നടത്തിയ പരിശോധനയിൽ 1.60 കോടിയുടെ ഇന്ത്യൻ, വിദേശ കറൻസികൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഈ സമയം ബിഷപ് ജർമനിയിലായിരുന്നു.
വിദ്യാഭ്യാസ സൊസൈറ്റിയുടെ ചെയർമാനായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴിഞ്ഞ മാസമാണ് ബിഷപ്പിനെതിരെ കേസെടുത്തത്. സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ നിന്ന് 2004-05ലും 2011-12ലും ഫീസിനത്തിൽ വാങ്ങിയ 2.70 കോടി രൂപ മതസ്ഥാപനങ്ങളിലേക്ക് വകമാറ്റിയെന്നും ദുരുപയോഗം ചെയ്തെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്നും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സൊസൈറ്റിയുടെ മുൻ അസി.രജിസ്ട്രാർ ബി.എസ്. സോളങ്കിക്കെതിരെയും കേസെടുത്തിരുന്നു. പണം മതപരിവർത്തനത്തിനോ നിയമവിരുദ്ധ പ്രവർത്തനത്തിനോ വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.