ദലിത് യുവാവിനെ വിവാഹം കഴിച്ച 24കാരിയെ ശുദ്ധികലശത്തിന് വിധേയമാക്കിയതായി പരാതി
text_fieldsഭോപാൽ: മധ്യപ്രദേശിൽ ദലിത് യുവാവിനെ വിവാഹം കഴിച്ച 24കാരിയെ മാതാപിതാക്കൾ ബലമായി ശുദ്ധികലശത്തിന് വിധേയമാക്കിയതായി പരാതി. ബേട്ടൂൽ ജില്ലയിലാണ് സംഭവം.
യുവതിയുടെ മുടി മുറിക്കുകയും ധരിച്ചിരുന്ന വസ്ത്രം ഉപേക്ഷിച്ച് നർമദ നദിയിൽ കുളിക്കാൻ നിർബന്ധിച്ചതായും കോട്വാലി ബേട്ടുൽ പൊലീസ് പറഞ്ഞു.
2020 മാർച്ച് 11നായിരുന്നു 24കാരിയായ സാക്ഷി യാദവിന്‍റെയും 27കാരനായ അമിത് ആശിർവാറിന്‍റെയും വിവാഹം. ആര്യസമാജ് ക്ഷേത്രത്തിൽവെച്ച് നടത്തിയ വിവാഹത്തെക്കുറിച്ച് യുവതിയുടെ മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. 2021 ജനുവരി നാലിന് വിവാഹക്കാര്യം പിതാവിനെ അറിയിച്ചു. എന്നാൽ, 2021 ജനുവരി 10ന് മകളെ കാണാനിെല്ലന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതോടെ ചോപ്ന പൊലീസ് യുവതിയെയും യുവാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും യുവതിയെ മാതാപിതാക്കൾക്കൊപ്പം വിടുകയുമായിരുന്നു. വെള്ളപേപ്പറിൽ ഒപ്പുവെപ്പിച്ചതായും യുവതി പറയുന്നു.
ഫെബ്രുവരിയിൽ നഴ്സിങ് പഠനം പൂർത്തിയാക്കുന്നതിനായി സാക്ഷി രാജ്ഗഡ് ജില്ലയിലെ ഹോസ്റ്റലിലേക്ക് പോയി. അവിടെനിന്ന് ആഗസ്റ്റ് 18ന് രക്ഷാബന്ധൻ ആഘോഷിക്കാനെന്ന പേരിൽ സാക്ഷിയെ വീട്ടുകാർ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് ഹോഷങ്കബാദിലെ നർമദ നദിക്ക് സമീപം എത്തിക്കുകയും ശുദ്ധീകരണം നടത്തുകയുമായിരുന്നു.
മറ്റുള്ളവരുടെ മുമ്പിൽവെച്ച് പാതിനഗ്നയാക്കി നദിയിൽ മുക്കിയെന്നും പറയുന്നു. വ്യാഴാഴ്ച സാക്ഷി ഹോസ്റ്റലിൽനിന്ന് ഭർത്താവിന്‍റെ അടുത്തേക്ക് എത്തുകയായിരുന്നു. കുടുംബം തങ്ങളെ അപായപ്പെടുത്തുമെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു.
വിവാഹത്തിന് ശേഷം നിരവധി തവണ ബന്ധുക്കളിൽനിന്ന് ഭീഷണി സന്ദേശം ലഭിച്ചതായും മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഭർത്താവിനും മൂന്നു ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.