ഓൺലൈൻ വായ്പാതട്ടിപ്പ്; പുതുച്ചേരിയിൽ മലയാളി അറസ്റ്റിൽ
text_fieldsചെന്നൈ: കുറഞ്ഞ പലിശനിരക്കിൽ വായ്പ വാഗ്ദാനം ചെയ്ത് ഇൻസ്റ്റന്റ് ലോൺ ആപ് വഴി ഇന്ത്യയിൽനിന്ന് 465 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മലയാളിയെ പുതുച്ചേരി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് ശരീഫ് (42) ആണ് പിടിയിലായത്. വായ്പയെടുത്തവർ പണം തിരികെ നൽകിയതിനു ശേഷവും അവരുടെ ഫോട്ടോകൾ മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി കൂടുതൽ പണം തട്ടിയെടുത്തതായും പരാതിയുണ്ട്.
മുഹമ്മദ് ശരീഫുമായി ബന്ധമുള്ള തട്ടിപ്പ് സംഘത്തിന് ഇന്ത്യയിൽ മാത്രമല്ല, വിവിധ വിദേശ രാജ്യങ്ങളിലെയും ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. തട്ടിപ്പിൽ മറ്റു നിരവധി പേർക്ക് പങ്കുണ്ടെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. മോഷ്ടിച്ച പണം ക്രിപ്റ്റോകറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും തെളിഞ്ഞു. കേരളത്തിലെ പ്രമുഖ ട്രാവൽ കമ്പനിയും തട്ടിപ്പ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
ട്രാവൽ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ, വിദേശ ശാഖകൾ, വിദേശത്തേക്ക് പോയവരുടെ വിവരങ്ങൾ എന്നിവ പൊലീസ് ശേഖരിച്ചുവരുകയാണ്. തട്ടിപ്പ് സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന 331 കോടി രൂപയുടെ സ്ഥാവര, ജംഗമ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇ.ഡി അന്വേഷിച്ചുവരുകയാണ്. പുതുച്ചേരിയിൽനിന്നുള്ള പ്രത്യേക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.