പൊലീസ് ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsമാള: പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണികുളങ്ങര ചിലങ്ക വാഴക്കാമഠത്തിൽ ജാസി എന്നറിയപ്പെടുന്ന സുൽത്താൻ കരീം (29) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. നടക്കാനിറങ്ങിയ കുഴൂർ സ്വദേശി സഞ്ജയ് രവീന്ദ്രൻ, അവിനാശ്, അർജുൻ എന്നീ വിദ്യാർഥികളോട് താൻ മാള പൊലീസ് സ്റ്റേഷനിൽ പുതുതായി ചുമതലയേറ്റ എ.എസ്.ഐ ആണെന്നും മൂവരും ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പറഞ്ഞു. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടെങ്കിലും ഭീഷണിപ്പെടുത്തി സ്റ്റേഷനിലേക്ക് എന്നുപറഞ്ഞ് ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. സ്റ്റേഷൻ എത്തുന്നതിനുമുമ്പ് വണ്ടി നിർത്തി 1000 രൂപ നൽകിയാൽ വിട്ടയക്കാമെന്നും അടുത്ത ദിവസം സ്റ്റേഷനിൽ വന്നാൽ രസീത് കിട്ടുമെന്നും പറഞ്ഞു.
എന്നാൽ, ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിദ്യാർഥികൾ സ്റ്റേഷനിലെത്തി പിഴ അടക്കാമെന്ന് പറഞ്ഞതോടെ ഇയാൾ കടന്നുകളഞ്ഞു. വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. എസ്.എച്ച്.ഒ വി. സജിൻ ശശിയുടെ നേതൃത്വത്തിൽ എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐമാരായ സുമേഷ്, മുഹമ്മദ് ബാഷി, സീനിയർ സി.പി.ഒമാരായ ജിബിൻ കെ. ജോസഫ്, ഷഹീർ അഹമ്മദ്, മാർട്ടിൻ, ഭരതൻ എന്നിവർ മാളയിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വഞ്ചന കേസ് നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.