ഗൃഹോപകരണങ്ങൾ വാഗ്ദാനംചെയ്ത് തട്ടിപ്പ്: വനിത പൊലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലാക്കിയാണ് പ്രതിയെ പിടികൂടിയത്
text_fieldsപാലാ: സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബേബിയുടെ മകൻ ബെന്നിയാണ് (43) പിടിയിലായത്.
കഴിഞ്ഞ ആറുമാസമായി പാലാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പല വീടുകളിൽനിന്നും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്നുപറഞ്ഞ് ഇയാൾ അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു.
പക്ഷേ, പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വന്നപ്പോൾ വിളിക്കുന്ന ആളുകളോട് മോശമായും സ്ത്രീകളോട് അശ്ലീലച്ചുവയോടെയും സംസാരിക്കുന്നത് പതിവായിരുന്നു. ഇയാളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങിനടന്ന് തട്ടിപ്പ് നടത്തിയിരുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല. 2000 രൂപയോ അതിൽ താഴെയോ മാത്രമേ ഇയാൾ അഡ്വാൻസായി വാങ്ങിയിരുന്നുള്ളൂ. അതുകൊണ്ടുതന്നെ കൂടുതൽ പരാതി ലഭിച്ചിരുന്നില്ല. സ്ത്രീകൾ മാത്രമുള്ള വീടുകളിലായിരുന്നു കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്.
കുറെ നാളുകളായി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിത പൊലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലായി കാണാനെന്ന വ്യാജേന പാലായിൽ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ ആറുമാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് സമ്മതിച്ചു.
തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരിപ്പുകൾ വാങ്ങിക്കൂട്ടുന്നതിനും മദ്യപാനത്തിനും മസാജിങ് സെന്ററുകളിൽ തിരുമ്മുചികിത്സക്കുമായി ചെലവഴിക്കുകയായിരുന്നു. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽനിന്ന് നിരവധി രസീത് ബുക്കുകളും 400 ജോഡി ചെരുപ്പുകളും പൊലീസ് കണ്ടെടുത്തു.
സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേരളത്തിലെ പത്തോളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്. ആറുമാസം മുമ്പാണ് ഇയാൾ ജയിലിൽനിന്ന് ഇറങ്ങിയത്. മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പൊലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിത ജഡ്ജിയോട് ഫോണിൽ അശ്ലീലസംസാരം നടത്തിയതിനും കേസുകൾ നിലവിലുണ്ട്. തട്ടിപ്പുവീരനെ തിരക്കി എല്ലാ ജില്ലകളിൽനിന്നും നിരവധി ഫോണുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സ്റ്റേഷനിൽനിന്ന് വിളിക്കുന്ന പൊലീസുകാരെ ചീത്തവിളിക്കുന്നതും ഇയാളുടെ പതിവായിരുന്നു.
പാലാ സി.ഐ കെ.പി. ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ, ഹരികുമാർ, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.