മുക്കുപണ്ടം പണയംെവച്ച് പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsകട്ടപ്പന: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയയാൾ അറസ്റ്റിൽ. കോതമംഗലം സ്വദേശി പീറ്റർ ദേവസ്യയാണ് അറസ്റ്റിലായത്. 2021 മാർച്ച് 19ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവൃത്തിക്കുന്ന വടക്കേമുറിയിൽ ഫിനാൻസിൽ 16.5 ഗ്രാം തൂക്കമുള്ള മുക്കുപണ്ടങ്ങൾ പണയം െവച്ച് 57,000 രൂപ കൈക്കലാക്കിയിരുന്നു. ബുധനാഴ്ച കോതമംഗലത്തെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംെവക്കാൻ ശ്രമിക്കവെയാണ് അറസ്റ്റ്.
ചോദ്യം ചെയ്തപ്പോഴാണ് കട്ടപ്പനയിലെ സ്ഥാപനത്തിൽ നടത്തിയ തട്ടിപ്പ് പുറത്തുവന്നത്. പ്രാഥമിക പരിശോധനയിൽ മുക്കുപണ്ടമെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിൽ നിർമിച്ച വളകളാണ് ഇയാൾ കട്ടപ്പനയിലെ സ്ഥാപനത്തിൽ പണയപ്പെടുത്തിയത്. പിന്നീട് ധനകാര്യ സ്ഥാപനത്തിെൻറ ഓഡിറ്റിങ് സമയത്ത് വളകൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാൾ നൽകിയ രേഖകൾ പ്രകാരം ബാങ്ക് ജീവനക്കാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് നൽകിയ രേഖയും വ്യാജമാണെന്ന് മനസ്സിലായത്. പ്രതിയെ വെള്ളിയാഴ്ച കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിൻസിപ്പൽ എസ്.ഐ കെ. ദിലീപ്കുമാർ, എസ്.ഐ എം.എസ് ശംസുദ്ദീൻ, ഗ്രേഡ് എസ്.ഐ നിസാർ, സി.പി.ഒമാരായ എബിൻ, ഹരി എന്നിവരാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
തട്ടിപ്പ് സംഘത്തിൽ കൂടുതൽ ആളുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മംഗലാപുരം കേന്ദ്രീകരിച്ചാണ് മുക്കുപണ്ടം നിർമാണം. പണയപ്പെടുത്തുന്നയാൾ നൽകുന്ന രേഖകളും വ്യാജമായിരിക്കും. പണയപ്പെടുത്തി ലഭിക്കുന്ന തുകയുടെ 90 ശതമാനവും സംഘത്തിലെ പ്രധാനിക്കാണ്. സംഘത്തിലെ പ്രധാനിയെ കണ്ടെത്താൻ അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.