ഭാര്യയെ മുത്തലാഖ് ചൊല്ലി രാജ്യംവിടാൻ ശ്രമിച്ച 40 കാരനായ ഡോക്ടർ പിടിയിൽ
text_fieldsബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലിയതിനു ശേഷം രാജ്യം വിടാനാരുങ്ങിയ 40കാരനായ ഡോക്ടർ ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടിയിൽ. ബംഗളൂരുവിൽ നിന്ന് യു.കെയിലേക്ക് പോകാനായിരുന്നു ഡോക്ടർ ലക്ഷ്യമിട്ടത്.
2022 ഒക്ടോബർ 13ന് നടന്ന സംഭവം 36കാരിയായ ഭാര്യ പൊലീസിൽ പരാതി നൽകിയതോടെയാണ് വെളിച്ചത്തു വന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് യുവതി പരാതി നൽകിയത്. തുടർന്ന് മുത്തലാഖ് നിയമവിരുദ്ധമാക്കിയ 2019ലെ നിയമപ്രകാരം പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡോക്ടറുടെ പേര് വിവരങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടിട്ടില്ല.
2018ലാണ് ഡോക്ടറെ കണ്ടുമുട്ടിയതെന്നാണ് പരാതിയിൽ യുവതി പറയുന്നത്. 2020ൽ ഇരുവരും വിവാഹിതരായി. ദമ്പതികൾക്കു മക്കളില്ല. ലജ്പത് നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍, തനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുണ്ടെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും പറഞ്ഞ് ഡല്‍ഹിയുടെ മറ്റൊരു ഭാഗത്തേക്കു മാറിത്താമസിച്ചു. കല്യാണ്‍പുരിയിലെ ഈസ്റ്റ് വിനോദ് നഗറിലേക്കാണ് ഇയാൾ ഒറ്റയ്ക്ക് താമസം മാറിയത്. യുവതി ലജ്പത് നഗറിലും തുടർന്നു.
പുതിയ സ്ഥലത്തേക്കു മാറിയതോടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. തുടർന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 13ന് യുവതി ഭർത്താവ് താമസിക്കുന്ന കല്യാണ്‍പുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ടത്.
ഒപ്പം ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുമായി ഭര്‍ത്താവിന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തന്നെ ക്രൂരമായി മര്‍ദിക്കുകയും മുത്തലാഖ് ചൊല്ലിയതെന്നും യുവതി പൊലീസിനോടു പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം ജീവിക്കാൻ താല്‍പര്യമില്ലാത്തതിനാൽ മുത്തലാഖ് ചൊല്ലിയതെന്നാണ് ഡോക്ടര്‍ പൊലീസിനോടു പറഞ്ഞത്.
ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്ന് വര്‍ഷം തടവുശിക്ഷ വിധിക്കുന്നതും അടക്കമുള്ള ബില്‍ 2019 ഓഗസ്റ്റ് 1നാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.