മയക്കുമരുന്നുമായി യുവാവ് താമരശ്ശേരിയിൽ പിടിയിൽ
text_fieldsതാമരശ്ശേരി: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ താമരശ്ശേരി പഴയ ചെക്ക് പോസ്റ്റിനു സമീപംവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അമ്പായത്തോട് എഴുകളത്തിൽ ഷാനിദ് മൻസിൽ നംഷിദിനെയാണ് (35) കാർ സഹിതം പിടികൂടിയത്.
കോഴിക്കോട് റൂറൽ എസ്.പി ആർ. കറപ്പസ്വാമിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 7.06 ഗ്രാം എം.ഡി.എം.എ വാഹനത്തിൽ നിന്ന് കണ്ടെടുത്തു.
മുമ്പ് വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ലോക്ഡൗൺ സമയത്ത് നാട്ടിൽ വന്ന ശേഷമാണ് മയക്കുമരുന്നു വിൽപനയിലേക്ക് തിരിയുന്നത്. ബംഗളൂരുവിൽ നിന്നും മൊത്തവിലയ്ക്ക് എടുത്ത് കോഴിക്കോട്, വയനാട് ജില്ലകളിൽ വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളുടെ പേരിൽ നിരവധി പരാതികൾ പൊലീസിനും എക്സൈസിനും സമീപകാലത്തു ലഭിച്ചിരുന്നു. തുടർന്ന് രണ്ടു മാസമായുള്ള നിരീക്ഷണത്തിനു ശേഷമാണ് ഇപ്പോൾ പിടികൂടിയത്. രാത്രികളിൽ തമ്പടിക്കുന്ന സംഘങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്നു എത്തിക്കുന്നത്.
വിൽപനയിൽ സഹായിക്കുന്നതിനായി ഇയാൾക്ക് ചെറുപ്പക്കാരുടെ സംഘങ്ങളുമുണ്ട്. പലതരം കാറുകൾ മാറി മാറി ഉപയോഗിച്ചായിരുന്നു ലഹരിവിൽപന നടത്തിയിരുന്നത്.
ഗ്രാമിന് 1000 രൂപവെച്ച് ബംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന എത്തിക്കുന്ന എം.ഡി.എം.എ 5000 രൂപക്കാണ് വിൽക്കുന്നത്. എം.ഡി.എം.എ കാറിന്റെ എ.സി വെന്റിലേറ്ററിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലും പാക്കിങ് സാധനങ്ങളും ത്രാസും ഡാഷ് ബോർഡിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു. ഇയാളുടെ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രതിയെ പേരാമ്പ്ര ജെ.എഫ്.സി.എം കോടതി റിമാൻഡ് ചെയ്തു. സ്പെഷൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു, വി.കെ. സുരേഷ് , ബിജു പൂക്കോട്ട്, താമരശ്ശേരി എസ്.ഐമാരായ വി.എസ്. ശ്രീജിത്ത്, കെ. സത്യൻ, ജയദാസൻ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒ മാരായ ജിലു സെബാസ്റ്റ്യൻ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.