യുവാവിനെ തടഞ്ഞുവെച്ചു അക്രമം; മൂന്നു പേർ അറസ്റ്റിൽ
text_fieldsചൊക്ലി: യുവാവിനെ വഴിയിൽ തടഞ്ഞുവെച്ചു ബന്ദിയാക്കി ആക്രമിക്കുകയും പണം കവർച്ച ചെയ്യുകയും ചെയ്ത കേസിൽ മൂന്നു പേരെ ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തു. പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശികളായ കോറോത്ത് റജിസിൻ (27), മൂന്നങ്ങാടി സെയ്ദിന്റെവിടെ സാദത്ത് (32), ഫനർ ഹൗസിൽ റിസ് വാൻ റഫീഖ് (27) എന്നിവരെയാണ് ചൊക്ലി പൊലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ നേത്യത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ വെള്ളൂർ മുപ്പൻറകത്ത് സുഹൈലിൻറെ (38) പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാത്രി പത്തരയോടെ പുളിയനമ്പ്രം ഒലിപ്പിൽ വെച്ചാണ് സംഭവം. പുലർച്ച നാലരവരെ സുഹൈലിനെ ബന്ദിയാക്കിവെച്ചു. വിദേശത്തുള്ള സഹപ്രവർത്തകന്റെ ഒലിപ്പിലുള്ള വീട്ടിൽ എത്തിയ സുഹൈലിനെ ബന്ദിയാക്കിയ ശേഷം മർദിക്കുകയും കാറിലുണ്ടായിരുന്ന മൂവായിരം രൂപയും എ.ടി.എം കാർഡുപയോഗിച്ചു 15,000 രൂപയും കവർന്നു. വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയെയും ചേർത്തു അപവാദ പ്രചാരണം നടത്തും എന്നും വിഡിയോ ചിത്രീകരിച്ചു നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
വിദേശത്തേക്ക് തിരിച്ചു പോകുന്നതിനിടയിൽ സുഹൃത്തിന് കൊടുക്കാനുള്ള ചില സാധനങ്ങൾ എടുക്കാനാണ് സുഹൈൽ ഒലിപ്പിൽ എത്തിയത്. പയ്യന്നൂരിൽനിന്നും നേരത്തെ തിരിച്ചതാണെന്നും, മറ്റു ചില സ്ഥലങ്ങളിൽകൂടി പോകേണ്ടിവന്നതിനാലാണ് ഇവിടെ എത്താൻ രാത്രിയായതെന്നും സുഹൈൽ പറയുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.