ഭർത്താവ് ഭാര്യയെ കൊന്നു; മകൻ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്തത് 410 കി.മീ!
text_fieldsവഡോദര: ഗുജറാത്തിലെ ഛോട്ട ഉദിപൂർ പൊലീസ് സ്റ്റേഷനു മുന്നിൽ കാർ വന്നു നിന്നപ്പോൾ പൊലീസുകാർക്ക് ആദ്യമൊന്നും തോന്നിയില്ല. 40 വയസുള്ള സ്ത്രീയുടെ മൃതദേഹവുമായി യുവാവ് പുറത്തിറങ്ങിയപ്പോൾ പൊലീസുകാർ ഞെട്ടിപ്പോയി. കൊല്ലപ്പെട്ട യുവതിയുടെ മകനായിരുന്നു അത്. അമ്മയെ കൊലപ്പെടുത്തിയത് അച്ഛനും. കാൺപൂരിലെ മോർബി ഗ്രാമത്തിൽ താമസിക്കുകയായിരുന്ന ജിങ്കി നായ്കയെ ആണ് ഭർത്താവ് റെംല (46) കൊലപ്പെടുത്തിയത്. അമ്മയുടെ മൃതദേഹം മാത്രമല്ല, അച്ഛനെയും മകൻ ഹാഷ്മുഖ് സ്റ്റേഷനിലെത്തിച്ചിരുന്നു. അമ്മയുടെ മരണത്തിന് കാരണക്കാരനായ പിതാവിന് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നതായിരുന്നു അപ്പോൾ ഹാഷ്മുഖ് ചിന്തിച്ചത്.
മോർബിയിലെ കർഷകതൊഴിലാളികളായിരുന്നു റെംലയും കുടുംബവും. രണ്ട് ആൺമക്കളായിരുന്നു ദമ്പതികൾക്ക്. കുടുംബപരമായി കർഷകരാണിവർ.
ചൊവ്വാഴ്ച രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് റെംല ജിങ്കിയെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ജിങ്കി ഉടൻ തന്നെ മരണപ്പെട്ടു. ജിങ്കിയുടെ അലറിക്കരച്ചിൽ കേട്ടാണ് പുറത്തുകിടക്കുകയായിരുന്ന സഹോദരങ്ങൾ ഓടിയെത്തിയത്. ജിങ്കിയുടെ മൃതദേഹവുമായി സ്വന്തം നാടായ ഛോട്ട ഉദിപൂരിലേക്ക് പോകാമെന്ന് അവർ തീരുമാനിച്ചു. അതിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു. ടാക്സി വിളിച്ചു. കുടുംബാംഗങ്ങൾ മൃതദേഹവുമായി കാറിൽ യാത്ര പുറപ്പെട്ടു.
അർധരാത്രി 410 കിലോമീറ്റർ ദൂരമാണ് ആ കുടുംബം പിന്നിട്ടത്. എന്നാൽ ഗ്രാമത്തിലേക്ക് പോകുന്നതിന് പകരം സോസ് പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ഹാഷ്മുഖ് കാർ ഡ്രൈവറോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവർ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ കുറ്റകൃത്യം നടന്ന മോർബി പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ അവിടെ പരാതി നൽകാനാണ് പൊലീസുകാർ ആവശ്യപ്പെട്ടത്. ഭാര്യയെ കൊല്ലാനുള്ള കാരണം കണ്ടെത്താനായി പൊലീസ് റെംലയെ ചോദ്യം ചെയ്തു. ബുധനാഴ്ചയോടെ മോർബി പൊലീസ് റെംലയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.