തൊഴിലാളിയെ കൊന്ന് മുഖം കരിച്ച് 'വ്യാജമരണ'മാക്കി; ഡൽഹിയിലെ 'സുകുമാരക്കുറുപ്പ്' പിടിയിൽ
text_fieldsഗാസിയാബാദ്: വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിൽ ജയിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ നിർമാണ തൊഴിലാളിയെ കൊന്ന് വ്യാജ മരണം സൃഷ്ടിച്ച 36കാരൻ അറസ്റ്റിൽ. മകളെ കൊന്നതിന്‍റെ ജയിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം മുഖം കരിച്ച് റോഡരികിൽ തള്ളുകയായിരുന്നു ഇയാൾ.
കൊലപാതകത്തിന് കൂട്ടുനിന്ന 36കാരന്‍റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. 36കാരനായ സുദേഷ് കുമാർ ഭാര്യ അനുപമ എന്നിവരാണ് അറസ്റ്റിലായത്.
2018 മാർച്ചിൽ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ആളാണ് സുദേഷ് കുമാർ. മകളെ കൊലപ്പെടുത്തിയ േശഷം തുറസായ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു ഇയാൾ. തുടർന്ന് പൊലീസിനെ വഴിതെറ്റിക്കാനായി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഇയാൾ പൊലീസിൽ നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മകളെ കൊന്ന പിതാവ് അറസ്റ്റിലാകുകയായിരുന്നു. കോടതി ജയിൽ ശിക്ഷയും വിധിച്ചു. കോവിഡ് മഹാമാരി സമയത്ത് ഇയാൾക്ക് പരോൾ ലഭിച്ചിരുന്നു.
പരോളിലിറങ്ങിയതോടെ ജയിൽ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനായി വ്യാജ മരണം സൃഷ്ടിക്കാനായിരുന്നു സുേദഷിന്റെ ശ്രമം. ഇതിനായി വീടിന്‍റെ അറ്റക്കുറ്റ പണിക്കെന്ന പേരിൽ ഇയാൾ മൂന്ന് തൊഴിലാളികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തന്നോട് രൂപസാദൃശ്യം തോന്നുന്ന ഒരാളെ ഇതിൽനിന്ന് തെരഞ്ഞെടുക്കുകയും ചെയ്തു. ശേഷം നവംബർ 19ന് വൈകിട്ട് 3.30ഓടെ സുദേഷ് ബിഹാർ സ്വദേശിയായ നിർമാണ തൊഴിലാളി ഡോമൻ രവിദാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും മദ്യം നൽകുകയും ചെയ്തു.
നിർമാണ തൊഴിലാളി മദ്യലഹരിയിലായതോടെ സുദേഷ് മരക്കട്ടിലിന്‍റെ കാൽ ഉപയോഗിച്ച് അടിച്ചുകൊല്ലുകയായിരുന്നു. പിന്നീട് പേപ്പർ കത്തിച്ച് മുഖം കരിക്കുകയും സുദേഷിന്‍റെ ആധാർ കാർ രവിദാസിന്‍റെ പോക്കറ്റിൽ ഇടുകയും ചെയ്തു. കൊലപാതകത്തെക്കുറിച്ച് ഭാര്യ ചോദിച്ചതോടെ ജയിൽശിക്ഷയിൽനിന്ന് രക്ഷപ്പെടാനുള്ള പദ്ധതി വെളിപ്പെടുത്തി. പൊലീസ് അന്വേഷിക്കുേമ്പാൾ മൃതദേഹം ഭർത്താവിേന്റതാണെന്ന് തിരിച്ചറിയണമെന്ന നിർദേശവും നൽകി. തുടർന്ന് രവിദാസിൻറെ മൃതദേഹം സൈക്കിളിൽ കയറ്റി കൊണ്ടുപോയി തുറസായ സ്ഥലത്ത് ഉപേക്ഷിച്ചു.
ആധാർ കാർഡ് പോക്കറ്റിൽനിന്ന് ലഭിച്ചതോടെ പൊലീസ് സുദേഷുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. എന്നാൽ പരിശോധനയിൽ മൃതദേഹത്തിൽ സുദേഷുമായി പൊക്കവ്യത്യാസം തോന്നിയതോടെ െപാലീസിൽ സംശയം ഉടലെടുക്കുകയായിരുന്നു.
ആധാർ കാർഡ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ഇയാളുടെ വീട്ടിലെത്തി ഭാര്യയോട് മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. എന്നാൽ സുദേഷ് നേരത്തേ നൽകിയ നിർദേശപ്രകാരം ഭാര്യ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. എന്നാൽ, തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് സുദേഷിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. രവിദാസിനെ കൊല്ലാൻ ഉപയോഗിച്ച വടിയും സൈക്കിളും പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.