ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് മകളെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ പിതാവ് അറസ്റ്റിൽ
text_fieldsഭോപാൽ: മധ്യപ്രദേശ് ഭോപാലിലെ റാത്തിബാദിൽ ഇതരമതസ്ഥനെ വിവാഹം കഴിച്ചതിന് മകളെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ പിതാവ് അറസ്റ്റിൽ. യുവതിയുടെയും എട്ടുമാസം പ്രായമായ മകന്‍റെയും മൃതദേഹം സമസ്ഗഡ് വനത്തിൽനിന്ന് കണ്ടെടുത്തു. അസുഖത്തെ തുടർന്നാണ് കുഞ്ഞിന്‍റെ മരണം.
ഇതര മതസ്ഥനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പെൺകുട്ടിയും കുടുംബവും തമ്മിൽ അകൽച്ചയിലായിരുന്നു. ഒരു വർഷം മുമ്പ് പിതാവുമായി ഇതിനെചൊല്ലി തർക്കമുണ്ടാകുകയും ചെയ്തിരുന്നു. തുടർന്ന് മകൾ വീട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ല.
വിവാഹത്തിന് ശേഷം കുടുംബവുമായി അകന്ന് താമസിച്ച മകൾ ദീപാവലി വേളയിൽ മൂത്ത സഹോദരിയുടെ വീട്ടിലെത്തി. അവിടെവെച്ച് അസുഖബാധിതനായ എട്ടുമാസം പ്രായമായ മകൻ മരിക്കുകയായിരുന്നു. കൊച്ചുമകൻ മരിച്ച വിവരം അറിയിക്കാനായി മൂത്ത സഹോദരി പിതാവിനെ വിളിച്ചു. തുടർന്ന് പിതാവും സഹോദരനും റാത്തിബാദിലെത്തി. കുഞ്ഞിന്‍റെ അന്ത്യകർമങ്ങൾ നടത്താനെന്ന േപരിൽ പിതാവ് മകളെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ച് പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം കുഞ്ഞിന്‍റെയും യുവതിയുടെയും മൃതദേഹം വനത്തിൽ ഉപേക്ഷിച്ചു.
വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹമെന്ന് റാത്തിബാദ് സ്റ്റേഷൻ ഹൗസ് ഓഫിസർ സുദേശ് തിവാരി പറഞ്ഞു. അന്വേഷണത്തിൽ സേഹോറിലെ ബിൽസ്ഗഞ്ച് സ്വദേശിയായ യുവതിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാരെ ചോദ്യം ചെയ്തു. യുവതിയുടെ വിവാഹത്തിന്‍റെ പേരിൽ കുടുംബത്തിൽ അസ്വസ്ഥതകളുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രണയവിവാഹത്തെ ചൊല്ലി കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തിയതാണ് ക്രൂരകൃത്യത്തിന് കാരണമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.