കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്; ആത്മഹത്യക്ക് ശ്രമിച്ച കാമുകനെ രക്ഷപ്പെടുത്തി
text_fieldsബെംഗളൂരു: മറ്റൊരാളുമായി വിവാഹ നിശ്ചയം നടത്തിയതിൽ പ്രകോപിതനായി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കാമുകൻ. ബെംഗളുരുവിലാണ് കൊടുംക്രൂരത. 23കാരിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 25 കാരനായ മനോജ് എന്നയാളെ ബെംഗളൂരു വിൽസൺ ഗാർഡൻ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയും പ്രതിയും ഒരു വർഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവുമായുള്ള പ്രണയബന്ധം യുവതി ഉപേക്ഷിച്ചു. തുടർന്ന് മറ്റൊരു യുവാവുമായി പെൺകുട്ടി വിവാഹ നിശ്ചയം നടത്തുകയായിരുന്നു. ഇതോടെ മനോജിന് പെൺകുട്ടിയോട് ദേഷ്യമായതായി പൊലീസ് പറയുന്നു.
'മനോജ് പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന പുരുഷനെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അവൾ വിസമ്മതിച്ചപ്പോൾ, അയാൾ അവളെ ബലാത്സംഗം ചെയ്യുകയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി സ്വന്തം വീട്ടിലേക്ക് പോയി'- പൊലീസ് പറഞ്ഞു. ഇയാൾ സ്വന്തം വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
രാത്രി 10 മണിയോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൂന്ന് വർഷം മുമ്പ് മനോജും പെൺകുട്ടിയും ഒരേ സ്ഥലത്ത് ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. അന്ന് ഇയാൾ വിവാഹാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. പിന്നീട് മനോജ് അവിടുത്തെ ജോലി ഉപേക്ഷിച്ച് ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ചേർന്നു. ഒരു വർഷം മുമ്പ്, അവർ വീണ്ടും ഫേസ്ബുക്കിൽ കണ്ടുമുട്ടുകയും ചാറ്റ് ചെയ്യുകയും ചെയ്തു, മനോജ് അവളോട് വിവാഹാഭ്യർഥന നടത്തിയപ്പോൾ അവൾ അത് സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
എന്നാൽ, അടുത്തിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ മറ്റൊരാളുമായി അവളുടെ വിവാഹം നിശ്ചയിച്ചത് മനോജിനെ പ്രകോപിപ്പിച്ചു. ചൊവ്വാഴ്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗ, കൊലപാതക കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.